കുവൈത്ത് സിറ്റി: ഫലസ്തീനുള്ള കുവൈത്തിന്റെ പരിപൂർണ പിന്തുണ വ്യക്തമാക്കി ഇൻഫർമേഷൻ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി. പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ കുവൈത്തിന്റെ പിന്തുണ ഉറച്ചതും അചഞ്ചലവുമായി തുടരും. ഫലസ്തീൻ രാഷ്ട്രത്വ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതുവരെ അത്തരം പിന്തുണ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈജിപ്ത് ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര സമാധാന ഫോറത്തിൽ സംസാരിക്കുകയായിരുന്നു അബ്ദുൽറഹ്മാൻ അൽ മുതൈരി. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ സൈന്യം നടത്തിയ അതിക്രമങ്ങളെ അദ്ദേഹം അപലപിച്ചു. അക്രമത്തിൽ ഇടപെടാനും അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ആഗോള തലത്തിൽ സമാധാനം വർധിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് ഇത്തരം സംഗമം.
ദേശീയ വികസനത്തിനും സമൃദ്ധിക്കും വേണ്ടി സമാധാന തത്ത്വം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും കുവൈത്ത് മന്ത്രി പറഞ്ഞു. സാംസ്കാരിക ബഹുസ്വരതയും സഹവർത്തിത്വവും ഉൾപ്പെടുന്നതും എന്നാൽ അതിൽ മാത്രം ഒതുങ്ങാത്തതുമായ സമാധാന സങ്കൽപ്പത്തിലുള്ള കുവൈത്തിന്റെ അചഞ്ചലമായ വിശ്വാസത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അത്തരം ഘടകങ്ങൾ പലപ്പോഴും വികസനവും സമൃദ്ധിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ഈജിപ്ഷ്യൻ തലസ്ഥാനത്ത് നടന്ന ദ്വിദിന സമ്മേളനത്തിൽ രാഷ്ട്രത്തലവന്മാർ, പ്രമുഖ നിയമ നിർമാതാക്കൾ, രാഷ്ട്രീയ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.