കുവൈത്ത് സിറ്റി: കുവൈത്ത് വീണ്ടും വടം വലിയുടെ ആവേശത്തിലേക്ക് പ്രവേശിക്കുന്നു. കൈക്കരുത്തും ശാരീരിക ക്ഷമതയും കൂർമബുദ്ധിയും സമ്മേളിക്കുന്ന കരുത്തരുടെ മത്സരത്തിന് ഒക്ടോബർ 28ന് അബ്ബാസിയ കുവൈത്ത് ഇന്ത്യൻ സ്‌കൂൾ ഓപൺ ഫ്ലഡ് ലിറ്റ് ഓഡിറ്റോറിയം സാക്ഷിയാകും.
തനിമ കുവൈത്ത് ഓണത്തനിമ 2022നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 16ാമത് വടംവലി മത്സരത്തിൽ ദേശീയ അന്തർദേശീയ താരങ്ങൾ പങ്കാളികളാകും.സാൻസീലിയ എവർറോളിങ് ട്രോഫിയും ലക്ഷം രൂപ സമ്മാനവുമുള്ള മത്സരത്തിനായി ടീമുകൾ തയാറെടുപ്പ് ആരംഭിച്ചിട്ട് മാസങ്ങളായി. ഇത്തവണ 17 ടീമുകൾ പങ്കെടുക്കുന്നു. മത്സര രംഗത്തുള്ളവരെ ഇന്നും നാളെയുമായി 'ഗൾഫ് മാധ്യമം' പരിചയപ്പെടുത്തുന്നു.
സെറാ ഹോളിഡേയ്‌സ് കെ.കെ.ബി സ്പോർട്സ് ക്ലബ് കുവൈത്ത്: 2011ൽ സ്ഥാപിതമായ കെ.കെ.ബി ക്ലബ് തനിമ വടംവലിയിൽ ഒരുതവണ റണ്ണറപ്പായിട്ടുണ്ട്. തോമസിന്റെ ക്യാപ്റ്റൻസിയിലാണ് ടീം മത്സരിക്കുന്നത്. സെറാ ഹോളിഡേയ്‌സ് ടൂറിസ്റ്റ് ബസ് കോട്ടയത്തിന്റെ സ്‌പോൺസർഷിപ്പിൽ മാനേജർ ബിനീഷിനൊപ്പം ഫിലിപ്പിന്റെ പരിശീലനത്തിലാണ് ടീം ഇറങ്ങുന്നത്. 10 വർഷമായി മത്സരരംഗത്തുണ്ട്. നാട്ടിലും വടംവലി മത്സരങ്ങളിലും ഇതര കായികയിനങ്ങളിലും സ്ഥിര പങ്കാളിത്തമുള്ള ടീമാണ്.
ഇടുക്കി അസോസിയേഷൻ കുവൈത്ത്: വടംവലി ടീമുള്ള കുവൈത്തിലെ ഏക ഡിസ്ട്രിക്ട് അസോസിയേഷനാണ് ഇടുക്കി. ഷിജോമോൻ പൂങ്കുടിയാണ് ക്യാപ്റ്റൻ. ബ്ലൂ സീ ഷിപ്പിങ് കമ്പനിയുടെ സ്‌പോൺസർഷിപ്പുണ്ട്. മാനേജർ: സോജൻ മാത്യു. കോച്ച്: റിൻസി രാജു. 2007ലെ റണ്ണറപ്പ് ആയിരുന്നു. 15 വർഷമായി മത്സരരംഗത്തുണ്ട്.
കെ.കെ.ഡി.എ: പുറത്തുനിന്നുള്ള പ്രഫഷനൽ താരങ്ങൾ ഒന്നുമില്ലാതെ മത്സരിക്കുന്ന ടീമാണ് കെ.കെ.ഡി.എ. Q8 ട്രക്ക് സെന്റർ കുവൈത്തിന്റെ സ്‌പോൺസർഷിപ്പിൽ ശിഹാബിന്റെ കോച്ചിങ് മികവുമായാണ് ടീം എത്തുന്നത്. റിനോജ് മാത്യുവാണ് ക്യാപ്റ്റൻ. 2014 -2015-2016 വർഷങ്ങളിലെ റണ്ണറപ്പാണ് കെ.കെ.ഡി.എ ടീം. 13 വർഷമായി മത്സരരംഗത്തുണ്ട്.
ഇടുക്കി അസോസിയേഷൻ കുവൈത്ത് (ഐ.എ.കെ) ബി ടീം: വടംവലി മത്സരത്തിൽ അശോകനാണ് ക്യാപ്റ്റൻ. പ്രിൻസ് ഹോളിഡേയ്‌സ് ആൻഡ് ട്രാവൽസിന്റെ സ്‌പോൺസർഷിപ്പിൽ മാനേജർ ബാബു ചാക്കോക്കൊപ്പം നവാസിന്റെ കോച്ചിങ് മികവുമായാണ് ഇത്തവണ ടീം മത്സരിക്കുന്നത്. 15 വർഷമായി മത്സരരംഗത്തുണ്ട്.
ബോസ്കോ കെ.കെ.ബി സ്പോർട്സ് ക്ലബ് കുവൈത്ത്: 2011ൽ സ്ഥാപിതമായ ക്ലബ് ഒരുതവണ റണ്ണറപ്പായിട്ടുണ്ട്. ബോസ്കോ ജ്വല്ലേഴ്സ് ആൻഡ് പ്രിന്റേഴ്സ് സ്പോൺസർ ചെയ്യുന്ന ടീമിന്റെ മാനേജർ ബിനോയ് ആണ്. സുധന്റെ പരിശീലനത്തിൽ ജിതിൻ സിറിയക്കിന്റെ ക്യാപ്റ്റൻസിയിലാണ് മത്സരത്തിനിറങ്ങുന്നത്. 10 വർഷമായി മത്സരരംഗത്തുണ്ട്.
ലെജൻഡ്സ് ഓഫ് കെ.കെ.ബി സ്പോർട്സ് ക്ലബ് കുവൈത്ത്: ഒരു തവണ റണ്ണറപ്പായിരുന്നു. യുനൈറ്റഡ് ലോജിസ്റ്റിക്സ് കമ്പനിയുടെ സ്‌പോൺസർഷിപ്പിൽ മാനേജർ അരുൺ തങ്കച്ചനോടൊത്ത് സിജോ ജോയിയുടെ പരിശീലനത്തിൽ മനു ജോസിന്റെ ക്യാപ്റ്റൻസിയിലാണ് ടീം മത്സരിക്കുന്നത്. 10 വർഷമായി മത്സരരംഗത്തുണ്ട്.
രാജു ചലഞ്ചേഴ്‌സ്: മരണപ്പെട്ട മുൻകാല സ്പോൺസർ രാജുവിന്റെ ഓർമക്കായി മത്സരത്തിൽ പങ്കെടുക്കുന്ന ടീം. ഏഴുതവണ ജേതാക്കളായിട്ടുണ്ട്. ഗോൾഡൻ ലോജിസ്റ്റിക്സിന്റെ സ്‌പോൺസർഷിപ്പിലാണ്. മാനേജർ: ജൈസോൺ. പരിശീലകൻ: അജോ. ക്യാപ്റ്റൻ: ബിനു. 15 വർഷമായി മത്സരരംഗത്തുണ്ട്.
സിൽവർ സെവൻസ്: 2017ൽ ക്വാർട്ടർ ഫൈനലിൽ എത്തിയ ടീം. ശ്രീകുമാറാണ് ക്യാപ്റ്റൻ. മാനേജർ: മനോജ്. പരിശീലകൻ: അബൂബക്കർ. ആറു വർഷമായി മത്സരരംഗത്തുണ്ട്. സാമൂഹിക രംഗത്തും ക്ലബ് പങ്കാളിത്തം ഉറപ്പാക്കുന്നു. കോവിഡ് സമയത്ത് അഞ്ഞൂറിൽ പരം ഭക്ഷണകിറ്റുകൾ വിതരണം ചെയ്ത് മാതൃകയായി. ഈ കാലയളവിൽ മുപ്പതിൽപരം പ്രവാസി സുഹൃത്തുക്കളെ വടംവലിക്കാരാക്കി മാറ്റാനും ക്ലബിന് സാധിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.