കുവൈത്ത് സിറ്റി: കനത്ത ചൂടിൽ ആശ്വാസമായി വെള്ളിയാഴ്ച രാജ്യത്ത് വിവിധ ഇടങ്ങളിൽ മഴ ലഭിച്ചു. ഉച്ചകഴിഞ്ഞ് രണ്ടോടെ മിന്നലോടെ എത്തിയ മഴ കനത്തുപെയ്തില്ലെങ്കിലും ചൂടിന് ആശ്വാസമായി. ഉച്ചയോടെ ആകാശം മേഘാവൃതമായതോടെ കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. സുരക്ഷ, ട്രാഫിക് സഹായത്തിനായി എമർജൻസി ഫോണിലേക്ക് (112) വിളിക്കാനും വ്യക്തമാക്കി.
എന്നാൽ, അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. മഴ വൈകാതെ നിലക്കുകയും ചെയ്തു. ഉയർന്ന ആർദ്രതയാണ് വെള്ളിയാഴ്ചയിലെ മഴക്കു കാരണമെന്ന് കാലാവസ്ഥ വിദഗ്ധൻ ഇസ റമദാൻ പറഞ്ഞു. ശനിയാഴ്ച ഇടക്കിടെ മഴ പെയ്യാനുള്ള പരിമിതമായ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച മുതൽ ഈർപ്പം ഗണ്യമായി കുറയാൻ തുടങ്ങും. ഈ മാസം 24ന് ‘സുഹൈൽ’ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ വീണ്ടും ഉയരും. അടുത്തയാഴ്ച വീശുന്ന കാറ്റിനൊപ്പം ഈർപ്പം കുറയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ ആഴ്ച ഉയർന്ന ആർദ്രത 70 മുതൽ 80 ശതമാനം വരെ എത്തുമെന്നും വടക്കൻ-തെക്കൻ കാറ്റ് തുടരുമെന്നും കാലാവസ്ഥ നിരീക്ഷകൻ എസ്സ റമദാൻ അറിയിച്ചു. ഈർപ്പം ആളുകളിൽ ക്ഷീണവും ശാരീരിക സമ്മർദവും ഉണ്ടാക്കുമെന്നും റമദാൻ മുന്നറിയിപ്പ് നൽകി. താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് തുടരും. എന്നാൽ, കനത്ത ചൂട് അനുഭവപ്പെടും. നിലവിലെ വേനൽക്കാലം സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.