കുവൈത്ത് സിറ്റി: കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾ രാജ്യം വിടുന്നതിനു മുമ്പ് വൈദ്യുതി-ജല ഉപഭോഗ ബിൽ അടക്കണമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ ഒന്നു മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ശേഷം കുടിശ്ശികയുള്ളവർക്ക് അത് അടച്ചുതീർക്കാതെ രാജ്യം വിടാനാകില്ല.
പ്രവാസികൾക്ക് വൈദ്യുതി ഉപഭോഗ ബിൽ പേമെന്റുകൾ മെവ്-പേ, സഹൽ ആപ്പുകൾ, സർക്കാർ ഇലക്ട്രോണിക് സേവനങ്ങൾ എന്നിവ വഴി ഓൺലൈനായി അടക്കാം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി-4 ടെർമിനലിലെ ഉപഭോക്തൃ സേവന ഓഫിസിലും സൗകര്യം ഏർപ്പെടുത്തിയതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
സാമ്പത്തികനഷ്ടം തടയാനും കടങ്ങൾ തിരിച്ചുപിടിക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ സംരംഭം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രവാസികളും സന്ദർശകരും രാജ്യം വിടുന്നതിനുമുമ്പ് ഗതാഗത പിഴകൾ ഒടുക്കണമെന്ന നിയമം കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്നിരുന്നു. ഗതാഗതനിയമലംഘന പിഴ ഒടുക്കാതെ വ്യക്തികൾക്കും വാഹനങ്ങൾക്കും നിലവിൽ രാജ്യത്തിന് പുറത്തേക്കു പോകാനാകില്ല. അതിർത്തികളിലും വിമാനത്താവളത്തിലും ഇതിനായി സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ നിയമം പ്രാവർത്തികമാക്കിയ ആദ്യ ദിവസങ്ങളിൽതന്നെ നിരവധി പേരുടെ യാത്രക്ക് തടസ്സം വരുകയും വലിയ തുക തിരിച്ചടക്കുകയും ചെയ്തിരുന്നു.
വിവിധ കേസുകളിൽ ഉൾപ്പെടുന്നവർക്ക് നിയമപ്രശ്നം കാരണം നേരത്തേ മുതൽ യാത്രാവിലക്ക് ഏർപ്പെടുത്തി വരുന്നുണ്ട്. ഇതിനു പുറമെയാണ് വിവിധ മന്ത്രാലയങ്ങളും നടപടികൾ ശക്തമാക്കുന്നത്. പ്രവാസികൾക്ക് അവശ്യസേവനങ്ങൾ നൽകുന്ന മറ്റു മന്ത്രാലയങ്ങളും സമാനമായ രീതി പിന്തുടരുമെന്ന് സൂചനയുണ്ട്.
വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും കടം പിരിച്ചെടുക്കുന്നതിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് സമഗ്രമായ സംവിധാനം രൂപവത്കരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയം, വൈദ്യുതി, ജലം, ഗതാഗതം, ആരോഗ്യം, നീതിന്യായ മന്ത്രാലയങ്ങൾ, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ എന്നിവയും മറ്റു പ്രധാന സ്ഥാപനങ്ങളും തമ്മിലെ ഏകോപനത്തിലാകും ഇത് പൂർത്തിയാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.