കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്ര സഭ സമ്മേളനത്തിനിടെ ന്യൂയോർക്കിലായിരുന്നു കൂടിക്കാഴ്ച.
അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ കിരീടാവകാശി മഹമൂദ് അബ്ബാസിനെ അറിയിച്ചു. ഫലസ്തീന്റെ നിയമാനുസൃത അവകാശങ്ങൾ നേടിയെടുക്കാനുള്ള ശ്രമത്തിൽ കുവൈത്തിന്റെ ഉറച്ച പിന്തുണയും അറിയിച്ചു.
കുവൈത്തും ഫലസ്തീനും തമ്മിലുള്ള അടുത്ത ബന്ധവും സംയുക്ത അറബ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും അവ വികസിപ്പിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. യു.എൻ 79ാമത് സെഷനിൽ പങ്കെടുക്കാനാണ് കിരീടാവകാശിയുടെ നേതൃത്വത്തിൽ കുവൈത്ത് സംഘം ന്യൂയോർക്കിലെത്തിയത്. യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് ഫിലോമോൻ യാങ്ങുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി.
ഐക്യരാഷ്ട്രസഭക്ക് എല്ലാ പിന്തുണയും വാഗ്ദാനം നൽകിയ ശൈഖ് സബാഹ് പുതിയ ചുമതലകൾ നിർവഹിക്കുന്നതിൽ ഫിലോമോൻ യാങ് വിജയിക്കട്ടെയെന്നും ആശംസിച്ചു. ഐക്യരാഷ്ട്രസഭക്കുള്ള മികച്ച സംഭാവനകൾക്കും കുവൈത്ത് നൽകുന്ന പിന്തുണക്കും ഫിലോമോൻ യാങ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.