കുവൈത്ത് സിറ്റി: ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ ആൻഡ് വർക്സ് ഏജൻസിക്ക് (യു.എൻ.ആർ.ഡബ്ലിയു.എ) നൽകുന്ന സഹായം നിർത്താനുള്ള നിരവധി ദാതാക്കളുടെ തീരുമാനത്തിൽ കുവൈത്ത് അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ഏകദേശം 5.7 ദശലക്ഷം ഫലസ്തീൻ അഭയാർഥികൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിലും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഏജൻസിയുടെ സുപ്രധാന പങ്കും പ്രാധാന്യവും കുവൈത്ത് സൂചിപ്പിച്ചു.
ഇക്കാര്യത്തിൽ വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണങ്ങളെത്തുടർന്ന് യു.എൻ.ആർ.ഡബ്ലിയു.എക്ക് സഹായം നിർത്താനുള്ള ചില ദാതാക്കളുടെ തീരുമാനത്തെ കുവൈത്ത് വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീൻ അഭയാർഥികൾക്കുള്ള പിന്തുണ തുടരാൻ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു.
ഗസ്സയിൽ ഇസ്രായേൽ അധിനിവേശ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി. സാമ്പത്തിക സഹായം താൽക്കാലികമായി നിർത്തുന്നത് ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ വർധിപ്പിക്കുമെന്നും ഉണർത്തി. യു.എൻ.ആർ.ഡബ്ലിയു.എക്കുള്ള പിന്തുണ ഉൾപ്പെടെ ഫലസ്തീൻ ജനതക്ക് കുവൈത്ത് ഉറച്ച പിന്തുണ നൽകുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.