കുവൈത്ത് സിറ്റി: ദുരിതബാധിതരായ സുഡാനികൾക്കുള്ള കുവൈത്തിന്റെയും തുർക്കിയയുടെയും കൂടുതൽ സഹായം. ഇരുരാജ്യങ്ങളിൽ നിന്നുമുള്ള 2,500 ടൺ മാനുഷിക സഹായങ്ങളുമായി ഒരു കപ്പൽ ടർക്കിഷ് മെർസിൻ തുറമുഖത്ത് നിന്ന് പുറപ്പെട്ടതായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.എസ്.ആർ) അറിയിച്ചു. ആഭ്യന്തര സംഘർഷത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന സുഡാൻ ജനതക്ക് കുവൈത്ത് സർക്കാർ നൽകുന്ന പിന്തുണയുടെ ഭാഗമായാണ് കപ്പൽ അയക്കുന്നതെന്ന് കെ.എസ്.ആർ ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ഉബൈദ് പറഞ്ഞു.
കപ്പലിൽ 150 കണ്ടെയ്നറുകളിലായി ഭക്ഷണം, ഷെൽട്ടറിങ് സാമഗ്രികൾ എന്നിവയും വിവിധ ദുരിതാശ്വാസ വസ്തുക്കളും ഉൾപ്പെടുന്നു. വസ്തുക്കളിൽ 2,000 ടണും കുവൈത്ത് സംഭാവനയാണ്. ഒരാഴ്ചയ്ക്കുള്ളിൽ പോർട്ട് സുഡാനിലെത്തുന്ന കപ്പലിൽ നിന്ന് ചരക്ക് സുഡാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് കമീഷന് കൈമാറുമെന്ന് കെ.എസ്.ആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ തുവൈനി പറഞ്ഞു.
ദുരന്തങ്ങളും പ്രതിസന്ധികളും മൂലം കുടിയൊഴിപ്പിക്കപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും പിന്തുണ തുടരുമെന്നും അൽ തുവൈനി വ്യക്തമാക്കി. സുഡാനിലെ ദുരന്തം ലഘൂകരിക്കാൻ കുവൈത്ത് നൽകുന്ന സഹായങ്ങൾക്ക് കുവൈത്തിലെ സുഡാൻ അംബാസഡർ അവദാൽ കരീം അൽ റയ ബല്ല നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.