കുവൈത്ത് സിറ്റി: കുവൈത്ത്-യു.കെ സംയുക്ത സൈനികാഭ്യാസം ‘അയൺ ഷീൽഡ്- 2’ സമാപിച്ചു. കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ്, കുവൈത്ത് 94ാം ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ബരാക് അൽ ഫർഹാൻ എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു.
കുവൈത്തും ബ്രിട്ടീഷ് സേനയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് അഭ്യാസമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംയുക്ത പരിശീലനം, കമാൻഡ് ആൻഡ് കൺട്രോൾ ഓപറേഷനുകൾ, ഏകീകൃത പ്രവർത്തന ആശയങ്ങൾ, വൈദഗ്ധ്യം കൈമാറ്റം എന്നിവ ലക്ഷ്യമിട്ട് കുവൈത്ത് സൈന്യവും സൗഹൃദ രാജ്യങ്ങളും തമ്മിൽ നിശ്ചയിച്ച സൈനികാഭ്യാസങ്ങളിലൊന്നാണ് ഇത്.
പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, ഇരു രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഭീഷണികളെ നേരിടൽ എന്നിവക്ക് ഇത്തരം അഭ്യാസപ്രകടനം ഗുണംചെയ്യുമെന്നും കുവൈത്തുമായുള്ള സൈനിക സഹകരണം കൂടുതൽ ആഴത്തിലാക്കാൻ യു.കെ ആഗ്രഹിക്കുന്നതായും ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് പറഞ്ഞു.
സംയുക്ത അഭ്യാസം കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുകയും സേനയുമായുള്ള സഹകരണം വർധിപ്പിക്കുകയും ചെയ്യുന്നതായി ബ്രിഗേഡിയർ ജനറൽ ബരാക് അൽ ഫർഹാൻ പറഞ്ഞു. സമാപന ചടങ്ങിൽ ഇരുഭാഗത്ത് നിന്നുമുള്ള നിരവധി മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.