കുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റി സംഘടിപ്പിച്ച മാരത്തൺ വൻ വിജയം. സബാഹ് അൽ സാലിം യൂനിവേഴ്സിറ്റി സിറ്റിയിൽ നടന്ന മത്സരത്തിൽ കുവൈത്തിന്റെ നീല നിറത്തിലുള്ള വസ്ത്രങ്ങളോടെ നിരവധി പേർ ട്രാക്കിലിറങ്ങിയപ്പോൾ യൂനിവേഴ്സിറ്റി വീഥി നീലക്കടലായി. അധ്യാപകർ, സ്റ്റാഫ്, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്കൊപ്പം കുട്ടികളും മാരത്തണിന്റെ ഭാഗമായി. അക്കാദമിക് മികവിനൊപ്പം വിദ്യാർഥികളിലെ കായിക പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് യൂനിവേഴ്സിറ്റി സ്റ്റുഡന്റ് ആക്ടിവിറ്റീസ് ആക്ടിങ് അസിസ്റ്റന്റ് ഡീൻ ഡോ. സാലിം അൽ ഷമ്മരി പറഞ്ഞു. മാരത്തണിലെ വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു.
കാമ്പസിൽ ആരോഗ്യകരമായ അന്തരീക്ഷം വളർത്തിയെടുക്കുന്നതിലും വിദ്യാർഥികളുടെ കായികവും ശാരീരിക പ്രവർത്തനങ്ങളും വർധിപ്പിക്കുന്നതിലും സ്റ്റുഡന്റ് അഫയേഴ്സ് ഡീൻഷിപ് ശ്രദ്ധ നൽകുന്നതായും കൂട്ടിച്ചേർത്തു. സർവകലാശാല സിറ്റിയിലെ അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് മാരത്തൺ നടന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കോളേജ് കെട്ടിടങ്ങളും യൂനിവേഴ്സിറ്റി സൗകര്യങ്ങളും കാണാനുള്ള അവസരവും നൽകി. വാസ്തുവിദ്യയ്ക്കും എൻജിനീയറിങ് ഡിസൈനിനും ലോകതലത്തിൽ അവാർഡുകൾ നേടിയവയാണ് ഇതിൽ പലതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.