കുവൈത്ത് സിറ്റി: ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ കുവൈത്തിന് നേപ്പാളിനെതിരെ ആധികാരിക ജയം. കുവൈത്തിലെ ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിനാണ് ആതിഥേയരുടെ വിജയം. മത്സരത്തിൽ കുവൈത്ത് സമ്പൂർണ ആധിപത്യം പുലർത്തി. 28ാം മിനിറ്റിൽ ഫഹദ് അൽറാഷിദിയിലൂടെ കുവൈത്ത് ലീഡ് നേടി. 48ാം മിനിറ്റിലും 70ാം മിനിറ്റിലും യൂസുഫ് നാസർ വലകുലുക്കി. 73ാം മിനിറ്റിൽ മുബാറക് അൽഫനീനി കൂടി ഗോൾ നേടിയതോടെ നേപ്പാൾ നിരാശയിലായി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ദർശൻ ഗുരുങ് നേപ്പാളിനായി ആശ്വാസ ഗോൾ നേടി. ഗ്രൂപ് എയിലെ മറ്റൊരു മത്സരത്തിൽ ജോർഡൻ ഇന്തോനേഷ്യയെ തോൽപിച്ചു.
അവസാന മത്സരത്തിൽ രണ്ട് ഗോൾ മാർജിന് ജോർഡനെ കീഴടക്കിയാൽ കുവൈത്തിന് ഗോൾ ശരാശരിയുടെ ബലത്തിൽ ഗ്രൂപ്പ് ജേതാക്കളായി ഏഷ്യൻ കപ്പിന് യോഗ്യത നേടാം. ഇന്തോനേഷ്യ അടുത്ത കളിയിൽ നേപ്പാളിനെതിരെ ജയിക്കുകയാണെങ്കിൽ കണക്കുകളുടെ കളി വിധി നിശ്ചയിക്കും. സമനിലയും ഒരു ഗോൾ തോൽവിയുംപോലും ജോർഡനെ ജേതാക്കളാക്കും. നേപ്പാളിനെതിരെ മികച്ച ഗോൾ ശരാശരിയിൽ ജയിക്കാൻ കഴിഞ്ഞത് കുവൈത്തിന്റെ പ്രതീക്ഷ വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.