കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധനക്ക് പദ്ധതി തയാറാക്കിയതായി റിപ്പോർട്ട്. താമസ നിയമ ലംഘകരെയും കുറ്റവാളികളെയും പിടികൂടാൻ ശക്തമായ പരിശോധന നടത്താനാണ് നീക്കം.
ഇഖാമ കാലാവധി തീർന്നവർ, സ്പോൺസർ മാറി ജോലി ചെയ്യുന്നവർ, സിവിൽ-ക്രിമിനൽ കേസുകളിലെ പ്രതികൾ, സ്പോൺസർമാർ ഒളിച്ചോട്ടത്തിന് കേസ് കൊടുത്തവർ, ഊഹ കമ്പനി വിസകളിലെത്തിയവർ, മദ്യ-മയക്കുമരുന്ന് കച്ചവടക്കാർ, തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്തവർ എന്നിവർക്കായാണ് പൊലീസ് വല വിരിക്കുന്നത്.
മാൻപവർ പബ്ലിക് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത പരിശോധനക്കാണ് പദ്ധതി തയാറാക്കുന്നത്.
ദേശീയ-വിമോചന ദിനാഘോഷത്തോടനുബന്ധിച്ച് സുരക്ഷ ജാഗ്രതയിലാണ് പൊലീസുകാർ. അടുത്ത മാസത്തോടെ താമസ നിയമലംഘകർക്കായി പരിശോധന കാമ്പയിൻ നടത്താൻ ആഭ്യന്തര മന്ത്രി ഫഹദ് യൂസുഫ് അസ്സബാഹ് നിർദേശം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നിരവധി പേർ താമസ രേഖയില്ലാതെ കുവൈത്തിൽ കഴിയുന്നു.
കുവൈത്ത് സ്വന്തം ചെലവിൽ തിരിച്ചയക്കാൻ തയാറായിട്ടും പിഴയടച്ച് താമസരേഖ നിയമവിധേയമാക്കാൻ അവസരം നൽകിയിട്ടും പലരും പ്രയോജനപ്പെടുത്തിയില്ല. അതുകൊണ്ട് കൂടിയാണ് പഴുതടച്ചുള്ള പരിശോധനയിലൂടെ നിയമലംഘകരെ പിടികൂടി നാടുകടത്താൻ നോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.