കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ലൈസന്‍സ് അനുവദിച്ചപ്പോഴുള്ള മാനദണ്ഡം നിലനിൽക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കർശന പരിശോധന തുടരുന്നു. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇതിനകം പതിനായിരത്തിലധികം പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി. ഒക്ടോബർ അവസാന വാരത്തിൽ മാത്രം 18,991 ലൈസൻസ് പരിശോധിക്കുകയും 69 എണ്ണം റദ്ദാക്കുകയും ചെയ്തു.
ഡ്രൈവിങ് ലൈസന്‍സ് നേടിയശേഷം ജോലിചെയ്യുന്ന തസ്തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവുവന്നവരുടെയും ലൈസന്‍സുകളാണ് അഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്. ഇതിനായി വ്യക്തികൾ ലൈസൻസ് ട്രാഫിക് അധികൃതര്‍ക്ക് കൈമാറണം. ഇല്ലെങ്കിൽ മൊബൈൽ ഐഡി, സഹേൽ എന്നീ ആപ്ലിക്കേഷൻ വഴി ലൈസന്‍സുകള്‍ പിന്‍വലിക്കും. ലൈസൻസ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ നാടുകടത്തുമെന്നും മുന്നറിയിപ്പുണ്ട്.
ഡിസംബർ അവസാനത്തോടെ പ്രവാസികളുടെ ലൈസൻസുകൾ പരിശോധിക്കുന്നത് പൂർത്തിയാക്കാനാണ് നീക്കം.
കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന മലയാളികൾ അടക്കമുള്ളവർക്ക് പുതിയ നിബന്ധന പ്രയാസം സൃഷ്ടിക്കും.
അതേസമയം, പുതിയ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിലും കർശന നിബന്ധനകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയം. ഗതാഗതക്കുരുക്ക് പ്രതിസന്ധി പരിഹരിക്കലും പ്രധാന വിഷയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.