വർഗീയ ശക്തികളെ അകറ്റി നിർത്തി ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെകാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ കാണാം. ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചാൽ ഇന്ത്യാ മഹാരാജ്യത്തെ പഴയ സൗഹാർദ അന്തരീക്ഷത്തോടെ വീണ്ടും കാണാം. ആദ്യ ഘട്ട പോളിങ് നടന്ന 102 മണ്ഡലങ്ങളിലെ അവലോകനങ്ങളിൽ നിന്ന് ഇൻഡ്യ മുന്നണിക്ക് വലിയ മേൽക്കൈ ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് തമിഴ് നാട്ടിൽ നിന്ന്. ഇത് ഒരു ശുഭ സൂചനയാണ്.
രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന 89 ലോക്സഭാ മണ്ഡലങ്ങളിലും വലിയ പ്രതീക്ഷ തന്നെയാണ് ഇന്ത്യ മുന്നണി വെച്ചു പുലർത്തുന്നത്. കേരളത്തിൽ 20 ലോകസഭാ മണ്ഡലങ്ങളിൽ മുഴുവനും ഇൻഡ്യ മുന്നണിക്ക് ഉറപ്പിക്കാം. ബാക്കിയുള്ള അഞ്ച് ഘട്ടങ്ങളായി നടക്കുന്ന 352 സീറ്റുകളിൽ പ്രത്യേകിച്ച് ബിഹാർ, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ തുടങ്ങി പല സംസ്ഥാനങ്ങളിലും നിന്ന് ഇൻഡ്യ മുന്നണിക്ക് മുന്നേറ്റം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് വ്യക്തമായ മുൻതൂക്കം ഉണ്ടെന്ന് പ്രചരിപ്പിച്ച എൻ.ഡി.എ സഖ്യത്തിന്റെ പൊള്ളത്തരം ഓരോ നാളും പൊളിഞ്ഞുവീഴുകയാണ്.
ഇന്ത്യ എന്ന ജനാധിപത്യ മതേതര ഫെഡറൽ രാജ്യം നിലനിർത്തുക എന്ന ലക്ഷ്യത്തിൽ ഒരുമിച്ചു ചേർന്ന ഇൻഡ്യ മുന്നണിക്ക് വലിയ മുന്നേറ്റം കാഴ്ചവെക്കാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ത ആശയങ്ങളും പ്രവർത്തന രീതികളും പിന്തുടരുമ്പോൾ തന്നെ ഫാഷിസ്റ്റു ശക്തികൾക്കെതിരെ ഒരുമിച്ചു നിൽക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് അത് സാധ്യമാക്കിയത്. ഇത് മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗത്തിന് പ്രതീക്ഷയും ആശ്വാസവും നൽകുന്നുണ്ട്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ മതേതര മൂല്യങ്ങൾക്ക് സംഭവിച്ച നാണക്കേട് മാറ്റുകയും വർഗീയ ശക്തികളെ അധികാരത്തിൽ നിന്ന് തുടച്ചു നീക്കി ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടാനും ഇൻഡ്യ മുന്നണി അധികാരത്തിൽ വരേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയിലെ എല്ലാ മത വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഉൾക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്ത് രാജ്യ പുരോഗതിയിൽ ശ്രദ്ധകൊടുക്കുന്ന ഒരു സർക്കാറാണ് ഇന്ന് ഇന്ത്യക്ക് വേണ്ടത്.
കഴിഞ്ഞ രണ്ടു കാലയളവിലായി അധികാരത്തിലുള്ള എൻ.ഡി.എ സർക്കാർ പാവപ്പെട്ടവരെ മറന്ന് കൃത്യമായ കോർപറേറ്റ് വത്കരണവും മുതലാളിത്ത ചായ്വും ആണ് പ്രകടിപ്പിച്ചത്. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായി. ഇതിനെ മറികടക്കാൻ ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിച്ചും വർഗീയത പരത്തിയും പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടു തന്നെ ഇത്തരം വിഭജന വക്താക്കളെ തോൽപ്പിക്കേണ്ടത് സാമൂഹിക സാഹോദര്യത്തിൽ വിശ്വസിക്കുന്നവരുടെ കൂടി ബാധ്യതയാണ്. കേരളത്തിൽ ആരു ജയിച്ചാലും ഇൻഡ്യ മുന്നണി ശക്തിപ്പെടും എന്ന ആശ്വാസമുണ്ട്. എന്നാൽ, ജനവിരുദ്ധ നയങ്ങൾ തുടരുന്ന കേരളത്തിലെ പിണറായി സർക്കാറിനുള്ള മറുപടിയും ഈ തെരഞ്ഞെടുപ്പിലൂടെ കേരള ജനത നൽകുമെന്ന് ഉറപ്പാണ്. കേരള സർക്കാറിന്റെ കൂടി വിലയിരുത്തലാകും തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.