കുവൈത്ത് സിറ്റി: ഇന്ത്യയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് തീയതി അടുത്തതോടെ വോട്ട് ആവേശത്തിലേക്ക് പ്രവാസി ലോകവും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിറകെ കുവൈത്ത് മലയാളികളുടെയും സംഘടനകളുടെ പ്രധാന ചർച്ചാ വിഷയങ്ങൾ ഇതുമായി ബന്ധപ്പെട്ടായിരുന്നു. റമദാൻ മാസം കഴിഞ്ഞതോടെ ഇനിയുള്ള നാളുകൾ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയപാർട്ടികളുടെ കുവൈത്തിലെ ഉപഘടകങ്ങൾ. ഏപ്രിൽ 26നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. ജൂൺ നാലിന് വോട്ടെണ്ണും. തെരഞ്ഞെടുപ്പു ചർച്ചകളിലും ആവേശത്തിലും നാട്ടുകാരെക്കാൾ മുന്നിലാണ് പ്രവാസികൾ. മുൻ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്കു സമാനമായി വിവിധ പ്രവാസി സംഘടനകൾ, കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിൽ വിപുല പരിപാടികളാണ് കുവൈത്തിലും ആസൂത്രണം ചെയ്തു വരുന്നത്. പല സംഘടനകളും പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഇഫ്താറുകളും തെരഞ്ഞെടുപ്പു കൺവെൻഷനും ഒരുമിച്ച് നടത്തിയ സംഘടനകളും ഉണ്ട്.
ഇനി ദിവസങ്ങൾ കുറവായതിനാൽ ശക്തമായ പ്രചാരണങ്ങൾക്കാണ് സംഘടനകളുടെ ശ്രമം. വോട്ടുള്ള പ്രവാസികളെ നാട്ടിൽ എത്തിക്കാനും, പ്രവാസി വീടുകളിലുള്ളവരുടെ വോട്ട് ഉറപ്പിക്കാനുമാണ് പ്രവാസി സംഘടനകളുടെ വലിയ ശ്രമം. ഇതിനായി ഓരോ മണ്ഡലങ്ങളിലുമുള്ളവരുടെ കണക്കും വിവരങ്ങളും സംഘടനകൾ ശേഖരിച്ചിട്ടുണ്ട്. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 മണ്ഡലങ്ങളിലും കൺവെൻഷനുകൾ പൂർത്തിയാക്കി. എല്ലാ മണ്ഡലംതല കൺവെൻഷനുകളിലും സ്ഥാനാർഥികൾ ഓൺലൈനായി പങ്കെടുക്കുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. രണ്ടാം ഘട്ട പ്രചാരണ ഭാഗമായി വരും ദിവസങ്ങളിൽ പ്രത്യേക യോഗങ്ങളും പ്രവർത്തനങ്ങളും ആരംഭിക്കും. തെരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് രൂപം നൽകിയതായും പല മണ്ഡലങ്ങളിലും പോസ്റ്റർ പ്രകാശനം നടന്നതായും ഒ.ഐ.സി.സി അറിയിച്ചു. ഞായറാഴ്ച മുതൽ മണ്ഡലം, ജില്ലകൾ എന്നിവയുടെ കൺവെൻഷനുകൾ ആരംഭിക്കും. നാട്ടിൽ നിന്ന് പ്രധാന നേതാക്കളെ കുവൈത്തിൽ എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. കെ.എം.സി.സി കണ്ണൂർ, കാസർകോട് ജില്ല, മണ്ഡലം തല പ്രചാരണ പരിപാടികൾക്ക് പൂർത്തിയായിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ല കൺവെൻഷനുകൾ പകുതിയും പിന്നിട്ടു. വരുന്ന ആഴ്ചയോടെ ഇവ പൂർത്തിയാക്കും. യു.ഡി.എഫ് എന്ന രീതിയിൽ സംയുക്ത പ്രചാരണ പ്രവർത്തനങ്ങൾക്കും കെ.എം.സി.സിയും ഒ.ഐ.സി.സിയും പദ്ധതിയിടുന്നുണ്ട്. മറ്റു ചെറു സംഘടനകളും വോട്ട് ഉറപ്പിക്കാനും ഉള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എൽ.ഡി.എഫിന്റെ ഭാഗമായി ഐ.എം.സി.സി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് വിഷയത്തിൽ പ്രത്യേക സംവാദം സംഘടിപ്പിക്കാനും സംഘടന ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.