കുവൈത്ത് സിറ്റി: കുതിരപ്പുറത്ത് കാണികൾക്ക് മുന്നിലൂടെ കുതിച്ചുവന്ന കഥാപാത്രം, പുകപടലങ്ങൾക്കിടയിലൂടെ കൂകിപ്പാഞ്ഞ തീവണ്ടി, അതിനൊപ്പം നിറഞ്ഞാടിയ വില്യം ഷെയ്ക്സ്പിയറിന്റെ കഥാപാത്രങ്ങൾ.
കാണികളിൽ അത്ഭുതവും, കാഴ്ചയുടെയും ആസ്വാദനത്തിന്റെയും പുത്തൻ അനുഭവങ്ങളും സമ്മാനിച്ച് തനിമ കുവൈത്ത് അവതരിപ്പിച്ച 'മാക്ബത്'നാടകത്തിന് തിരശ്ശീല വീണു.
ഇതിഹാസ നാടകത്തോട് നീതിപുലർത്തുന്നതിനൊപ്പം നൂതന സാങ്കേതിക വിദ്യകളുടെ കൂടി പിൻബലത്തോടെയാണ് ബാബുജി ബത്തേരി സംവിധാനം ചെയ്ത 'മാക്ബത്'അരങ്ങിലെത്തിയത്. വളർത്തുനായ്ക്കൾ, പക്ഷികൾ, മരങ്ങൾ എന്നിവയെല്ലാം മനുഷ്യർക്കൊപ്പം അരങ്ങിലെത്തി. രണ്ടുദിവസങ്ങളിലായി അബ്ബാസിയ കുവൈത്ത് ഇന്ത്യൻ സ്കൂളിലാണ് നാടകം അരങ്ങേറിയത്.
ഒന്നാം ദിനം പ്രദർശനം എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി എബ്രഹാം, ഫാദർ ഡേവിസ് ചിറമേൽ, ഗൾഫ് അഡ്വാൻസ് ടെക്നോളജി എം.ഡി കെ.എസ് വർഗീസ്, സുവനീർ കൺവീനർ ജോണി കുന്നേൽ, നാടകത്തനിമ കൺവീനർ ജേക്കബ് വർഗീസ്, സംവിധായകൻ ബാബുജി ബത്തേരി, ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടനാട് എം.എൽ.എ തോമസ് കെ തോമസ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
രണ്ടാം ദിനം പ്രദർശനം ബി.ഇ.സി എക്സ്ചേഞ്ച് സി.ഇ.ഒ മാത്യു വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എ. ലബ്ബ, പി.എൻ.ജെ കുമാർ, ഡോ.അമീർ അഹമ്മദ് എന്നിവർ പങ്കെടുത്തു. 40 ഓളം കലാകാരന്മാരും അത്രയും സാങ്കേതിക വിദഗ്ധരും മൂന്നു മാസത്തോളം പരിശീലനം നടത്തിയാണ് നാടകം സാധ്യമായതെന്നു സംവിധായകൻ ബാബുജി ബത്തേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.