കുവൈത്ത് സിറ്റി: ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലി (യു.എൻ.ജി.എ) സയൻസ് ഉച്ചകോടിയിൽ ആഗോള യുവ ശബ്ദങ്ങളെ പ്രതിനിധീകരിച്ച് മലയാളി വിദ്യാർഥിയും. അമ്മാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും തളിപ്പറമ്പ് സ്വദേശിയുമായ റീമ ജാഫറാണ് സെപ്റ്റംബർ 27ന് യു.എൻ ജനറൽ അസംബ്ലി യൂത്ത് പാർലമെൻറിൽ സംസാരിക്കുക.
ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത 25 വിദ്യാർഥികളുടെ കൂട്ടത്തിലാണ് റീമയും ഉൾപ്പെടുന്നത്. സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിലെയും ഐക്യരാഷ്ട്രസഭയിലെയും വിദഗ്ധർ നടത്തിയ അഭിമുഖം ഉൾപ്പെടെയുള്ള കർശനമായ പ്രക്രിയക്ക് ശേഷമാണ് റീമ ജാഫറിനെ യൂത്ത് പാർലമെൻറിൽ സ്പീക്കറായി തിരഞ്ഞെടുത്തത്.
യൂത്ത് പാർലമെൻറിൽ ഈ യുവ ഗവേഷകർ ശാസ്ത്രീയ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തി ആഗോള വെല്ലുവിളികളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്ന് ചർച്ച ചെയ്യും. വൺ ഹെൽത്ത് ആൻഡ് ആൻറിമൈക്രോബയൽ റെസിസ്റ്റൻസ് (എ.എം.ആർ) എന്ന വിഷയത്തിൽ റീമ സംസാരിക്കും.
ആൻറിബയോട്ടിക്കുകൾ ഫലപ്രദമല്ലാതാക്കുന്ന എ.എം.ആർ വർധിച്ചുവരുന്ന പൊതുജനാരോഗ്യ പ്രതിസന്ധിയാണ്. ഇതിനെതിരായ പോരാട്ടം, അത് നൽകുന്ന സംഭാവന എന്നിവ റീമ വിശദീകരിക്കും. ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, നിക്ഷേപകർ, മനുഷ്യസ്നേഹികൾ, പത്രപ്രവർത്തകർ, കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ വിവിധ ശാസ്ത്ര സെഷനുകളിൽ പങ്കെടുക്കാനും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെ കാണാനും റീമക്ക് അവസരം ലഭിക്കും.
ഈ വർഷം കാസര്‍കോട് നടന്ന കേരള ശാസ്ത്ര കോണ്‍ഗ്രസ്, കഴിഞ്ഞ വർഷം അഹ്മദാബാദിൽ നടന്ന ദേശീയ ശാസ്ത്ര കോൺഗ്രസ് എന്നിവയിലും റീമ ജാഫർ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരുന്നു. സ്കൂൾ തലങ്ങളിൽ വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞൻ തളിപ്പറമ്പ് സ്വദേശി ഡോ. ജാഫറലി പാറോലിന്റെയും പാപ്പിനിശ്ശേരി സ്വദേശി സന ഹംസകുട്ടിയുടെയും മകളാണ് റീമ ജാഫർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.