കുവൈത്ത് സിറ്റി: വ്യാഴാഴ്ച രാത്രി നടന്ന ഇന്ത്യ-കുവൈത്ത് ഫുട്ബാൾ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത് 25,000ത്തോളം ഇന്ത്യക്കാർ. ഇതിൽ ഭൂരിപക്ഷവും മലയാളികളായിരുന്നു. വെള്ളിയാഴ്ച അവധി ദിവസമായതിനാൽ വ്യാഴാഴ്ച ജോലികൾ കഴിഞ്ഞ് ഇന്ത്യൻ ഫുട്ബാൾ ആരാധകർ കൂട്ടത്തോടെ ജാബിർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. കളി തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പേ ദേശീയ പതാകയും ടീമുകളെ പിന്തുണക്കുന്ന പോസ്റ്ററുകളുമായി ഫുട്ബാൾ ആരാധകർ സ്റ്റേഡിയം നിറഞ്ഞു.
ഇതോടെ 60,000 സീറ്റുകളുള്ള ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയം ആവേശത്തിന്റെ കൊടുമുടി കയറി. നേരിയ തണുപ്പുള്ള കുവൈത്തിലെ രാത്രിയെ ഫുട്ബാൾ ആരാധകർ ചൂടുപിടിപ്പിച്ചു നിർത്തി. സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ഇന്ത്യൻ ടീമിന് ഹോം ഗ്രൗണ്ടിന് സമാനമായ അന്തരീക്ഷമാണ് ഒരുക്കിയത്.
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക സ്റ്റേഡിയത്തിൽ
പ്രിയ താരങ്ങളുടെ ഓരോ നീക്കത്തിനും പിന്തുണയുമായി സ്റ്റേഡിയം ആർത്തുവിളിച്ചു. ഇന്ത്യൻ പ്രവാസമൂഹത്തിന്റെ ഫുട്ബാൾ സ്നേഹത്തിന്റെ നേർചിത്രമായി മാറി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആരാധകസഞ്ചയം.
ഫാൻ ക്ലബ് ആയ മഞ്ഞപ്പടയുടെ കുവൈത്ത് വിങ് മത്സരം കാണാൻ ആഗ്രഹിക്കുന്ന മുഴുവൻ ഇന്ത്യൻ ഫുട്ബാൾ ആരാധകരെയും സ്റ്റേഡിയത്തിൽ എത്തിക്കുന്നതിന് ടിക്കറ്റ് ബുക്കിങ് മുതൽ വാഹന സൗകര്യം വരെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി.
മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജഴ്സിയും പതാകയുമായി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർ ഇന്ത്യൻ കളിക്കാർക്ക് ഇന്ത്യയിലെ സ്റ്റേഡിയത്തിൽ കളി നടക്കുന്ന പ്രതീതിയാണ് നൽകിയത്.
ടീമിനെ പിന്തുണക്കുന്ന ബാനറുകളും പോസ്റ്ററുകളുമേന്തി ആവേശത്തിരയിളക്കിയ ആരാധകർ ഇന്ത്യൻ ടീമിന് നൽകിയ മനോവീര്യം കുറച്ചൊന്നുമല്ല. 75ാം മിനിറ്റിൽ മൻവീർ സിങ്ങിലൂടെ ഇന്ത്യ ഗോൾമുഖം തുറന്നപ്പോൾ സ്റ്റേഡിയം ആവേശത്താൽ ഇളകിമറിഞ്ഞു. ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് മറക്കാനാകാത്ത രാത്രി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.