കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി ജീവിതം ആകെ മാറ്റിയ പരിതസ്ഥിതിയിൽ രാജ്യം റമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങുന്നു.വ്യക്തികൾ വീടും താമസസ്ഥലവും ശുചീകരിച്ചും ആത്മീയമായ ഉന്നതിക്കായുള്ള മാനസിക തയാറെടുപ്പും നടത്തുേമ്പാൾ ഭരണനിർവഹണ രംഗത്തും പുതിയ സാഹചര്യത്തിനനുസരിച്ചുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞവർഷം ഇതേസമയത്ത് പള്ളികൾ അടച്ചിട്ടതും ലോക്ഡൗണും കർഫ്യൂവും എല്ലാമായി വിശ്വാസികൾ നിരാശരായ അവസ്ഥയിലായിരുന്നു. ഇത്തവണ പള്ളികൾ തുറന്നിരിക്കുന്നു.പുരുഷന്മാർക്കായി തറാവീഹ് നമസ്കാരവും ഉണ്ടാകും.
വിപണിയിൽ പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും ഇല്ലാതിരിക്കാൻ വാണിജ്യ മന്ത്രാലയം പരിശോധനാ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.റമദാനിലെ ഏറിയ ആവശ്യം ചൂഷണം ചെയ്ത് കേടുവന്ന ഉൽപന്നങ്ങൾ വിറ്റ് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി.ഷോപ്പിങ് മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധനക്ക് പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റമദാൻ തുടക്കത്തിൽ മിത ശീതോഷ്ണമാണ് അനുഭവപ്പെടുന്നതെങ്കിലും അവസാനം ആവുേമ്പാഴേക്ക് ചൂട് കൂടിവന്നേക്കും. നിലവിൽ കർഫ്യൂ രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയാണ്. രാത്രിയിൽ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാനുള്ള അനുമതി ഇപ്പോൾ രാത്രി എട്ടുവരെയാണ്. എന്നാൽ, റമദാനിൽ ഇത് രാത്രി പത്തുവരെ ദീർഘിപ്പിച്ചിട്ടുണ്ട്. റസ്റ്റാറൻറുകളുടെ ഡെലിവറി സമയവും സഹകരണസംഘങ്ങളിലെ ഷോപ്പിങ് അപ്പോയ്ൻറ്മെൻറ് സമയവും റമദാനിൽ ദീർഘിപ്പിച്ചുനൽകിയിട്ടുണ്ട്.ഒത്തുകൂടലുകൾക്ക് വിലക്കുള്ളതിനാൽ സംഘടനകളുടെ ഇഫ്താർ സംഗമം ഇത്തവണ ഉണ്ടാവില്ല. ഒാൺലൈൻ ഉദ്ബോധന പരിപാടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.