ഇസ്രായേൽ അധിനിവേശ സേന മരണം വിതക്കുന്ന ലബനാനിൽ സഹോദരിയും കുടുംബവും നഷ്ടമായ സഹപ്രവർത്തകയുടെ വേദന പങ്കുവെക്കുകയാണ് കുവൈത്തിലെ അധ്യാപികയും കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയുമായ ഷഹർബാനു നജീബ്
സ്കൂളിലെ സ്റ്റാഫ് മുറിയിൽ എന്നും ആഘോഷങ്ങളിലെ നായികയാണ് ലബനാൻകാരി മായ അയാഷ്. കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ പോലും അവൾ എല്ലാവരെയും ചേർത്തുപിടിച്ച് ആഘോഷമാക്കും. കുടുംബ വിശേഷങ്ങൾ പ്രിയപ്പെട്ടവരോടെന്ന പോലെ പങ്കുവെക്കും. അവളിലൂടെ കേട്ടറിഞ്ഞ് ലബനാനിലെ മായയുടെ ബന്ധുക്കളെല്ലാം ഞങ്ങൾക്കും പ്രിയപ്പെട്ടവരായിരുന്നു.
ലബനാനിൽ ആക്രമണങ്ങളുടെ കാർമേഘം മൂടുമ്പോൾ അവളുടെ മുഖവും മ്ലാനമാവും. കളിചിരികൾ മാറി, സ്റ്റാഫ് മുറിയിൽ അവൾ മൂകമാവും. കഴിഞ്ഞ മാസം ലബനാനിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയ വാർത്ത എത്തിയതിനു പിന്നാലെ അന്തരീക്ഷം ആകെ മാറി. ഇത്തവണ മായ കൂടുതൽ ആധിയിലായിരുന്നു.
അർബുദത്തോട് പോരാടി ജീവിതത്തിലേക്ക് തിരികെയെത്തിയ അനുജത്തി അമലിനെയും കുടുംബത്തെയും മറ്റു ബന്ധുക്കളെയും കുറിച്ച് ആശങ്കപ്പെടാൻ തുടങ്ങി.
സഹോദരിമാർ മായക്ക് ജീവനായിരുന്നു. അമലിന് കാൻസർ തിരിച്ചറിഞ്ഞപ്പോൾ അവൾ അനുഭവിച്ച വേദന ഞങ്ങളെല്ലാം കണ്ടതാണ്. തന്റെ ശമ്പളത്തിന്റെ വലിയൊരു തുക അവൾ സഹോദരിയുടെ ചികിത്സക്കായി മാറ്റിവെക്കും. മരണത്തിന് മുമ്പായി ഉമ്മ സഹോദരിമാരുടെ സംരക്ഷണം തന്നെ ഏൽപിച്ചതാണെന്ന് പറഞ്ഞായിരുന്നു മായ അനിയത്തിമാരുടെ കരുതൽ ഞങ്ങളുമായി എന്നും പങ്കുവെച്ചത്.
ലബനാനിലെ യുദ്ധവും മരണവും പലായനവും വർധിച്ചു വന്നപ്പോൾ ഞങ്ങളുടെ സ്റ്റാഫ് മുറിയും ആധിയിലായി. ദിവസവും നാട്ടിലേക്ക് വിളിച്ച് മായ സ്ഥിതിഗതികൾ അന്വേഷിക്കും. സൗത് ലബനാനിലെ കാഫർകെലയിലാണ് സഹോദരിമാരും കുടുംബവും കഴിഞ്ഞത്. സംഘർഷ മേഖലയാണെന്നതിനാൽ വീടു വിട്ടു പോവാൻ മായ പലതവണ പറഞ്ഞിട്ടും തങ്ങൾ സുരക്ഷിതരാണെന്ന് അവർ ആവർത്തിച്ചു. ബന്ധുക്കളുടെ സുരക്ഷക്കായി മായ പ്രാർഥനയും ദ്യാനവുമായി നാളുകൾ നീക്കി.
അതിനിടെ, അമൽ തന്റെ സുന്ദരമായൊരു പുതിയ ചിത്രം സഹോദരിക്ക് അയച്ചുകൊടുത്ത് തമാശയായി പറഞ്ഞു -‘യുദ്ധത്തിൽ ഞാൻ ശഹീദായാൽ നീ ഈ ചിത്രം വാട്സാപ് ഡി.പി വെക്കണം’. ‘ഈ പടത്തിൽ നീ അതി സുന്ദരിയാണ്, അതുകൊണ്ട് വേറെ വല്ല പടവും വെക്കാം’ -അനുജത്തിയുടെ കുസൃതിക്ക് മായയുടെ മറുപടി ഇങ്ങനെയായിരുന്നു. ഈ കുസൃതി ഏതാനും ദിവസങ്ങൾക്ക് മുമ്പ് മായ ഞങ്ങളുമായും പങ്കുവെച്ചിരുന്നു.
ഒടുവിൽ, ഒക്ടോബർ 14ന് ആരും കേൾക്കാൻ ഇഷ്ടപ്പെടാത്ത വാർത്ത എത്തി. അമലും കുടുംബവും താമസിച്ച വീടിനു മേൽ ബോംബ് പതിച്ചു. ആർക്കൊക്കെ എന്തൊക്കെ സംഭവിച്ചുവെന്ന് വ്യക്തതയില്ലെന്നായിരുന്നു ആദ്യ സന്ദേശം. സ്കൂളിലാകെ ആ വാർത്ത കണ്ണീരായി മാറി. തലേന്നു രാത്രി മായ സഹോദരിയുമായി വിഡിയോകാളിൽ സംസാരിച്ചിരുന്നു. തുടർന്ന് രാത്രി ഭക്ഷണവും കഴിഞ്ഞ് ഉറങ്ങാനുള്ള തയാറെടുപ്പിനിടെയാണ് ആ കുടുബത്തിനു മേൽ ഇസ്രായേൽ ബോംബിട്ടത്.
അമലിന്റെ ഭർത്താവിന്റെയും രണ്ട് മക്കളുടെയും മൃതദേഹം വൈകാതെ കിട്ടി. അമലിന് ഗുരുതര പരിക്കുകളേറ്റുവെന്നായിരുന്നു വിവരം.
സംഭവം അറിഞ്ഞ് ഫ്ലാറ്റിൽ എത്തുമ്പോൾ കുറെ ലബനീസ് സ്ത്രീകൾക്കു നടുവിൽ ആകെ തളർന്നിരിക്കുകയായിരുന്നു മായ. ഞങ്ങളെ കണ്ട ഉടനെ അവൾ ‘ഉഖ്തി റാഹത്ത്...’ (സഹോദരി പോയി) എന്ന് പറഞ്ഞ് കരയാൻ തുടങ്ങി. ‘അവൾ ആശുപത്രിയിൽ അല്ലേ... നീ പ്രാർഥിക്ക്. എല്ലാം ശരിയാവും’ -എന്നൊക്കെ ആശ്വസ വാക്കുകൾ പറഞ്ഞുനോക്കി. എന്നാൽ മായ വാക്കുകൾ ആവർത്തിച്ച് കരഞ്ഞുകൊണ്ടിരുന്നു.
സഹോദരി അയച്ചു നൽകിയ ചിത്രം കാണിച്ചും, അവളുടെ തമാശ വാക്കുകൾ പറഞ്ഞും അവൾ വീണ്ടും വീണ്ടും കരയുന്നു. അപ്പോഴാണ് അറിഞ്ഞത് അമലും മരണത്തിന് കീഴടങ്ങിയെന്നത്. അവളെ ചേർത്തുനിർത്താനെ എനിക്ക് കഴിഞ്ഞുള്ളൂ. ഒരു വാക്കുപോലുമില്ലാതെ ഞാനും സഹപ്രവർത്തകരും കണ്ണീരണിഞ്ഞ് തല താഴ്ത്തി നിന്നു.
ദൈവമേ... ഈ യുദ്ധക്കൊതിയടങ്ങാൻ ഇനിയുമെത്ര ജീവൻ പൊലിയണം, എത്രപേർ അനാഥരാവണം, എത്രയേറെ രക്തം ചിന്തണം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.