കുവൈത്ത് സിറ്റി: ഇന്ത്യയിലെ ഭരണ കക്ഷിയായ ബി.ജെ.പിയുടെ വക്താവ് നടത്തിയ പ്രവാചക നിന്ദയിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. കുറ്റകരമായ പ്രസ്താവനകളെ അപലപിച്ചുള്ള പ്രതിഷേധ കുറിപ്പ് ഏഷ്യ കാര്യ ഉപ വിദേശകാര്യ മന്ത്രി അംബാസഡർക്ക് കൈമാറി.
ഇത്തരം വിദ്വേഷ പ്രസ്താവനകൾ തടസ്സമോ ശിക്ഷയോ കൂടാതെ തുടരുന്നത് തീവ്രചിന്തകൾക്ക് വളംവെക്കുമെന്നും ഇസ്‍ലാം മതത്തിന്റെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശത്തെ കുറിച്ച് അറിവില്ലാതെയാണ് ഇത്തരം പരമാർശങ്ങൾ നടത്തുന്നതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നാഗരികത കെട്ടിപ്പടുക്കുന്നതിൽ ഇസ്‌ലാം വഹിച്ച പങ്ക് വലുതാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അതിനിടെ, പ്രവാചക നിന്ദ നടത്തിയവരെ സസ്‌പെൻഡ് ചെയ്തതായി പ്രഖ്യാപിച്ച് ഇന്ത്യയിലെ ഭരണകക്ഷി പുറത്തിറക്കിയ പ്രസ്താവനയെ കുവൈത്ത് സ്വാഗതം ചെയ്യുന്നുവെന്നത്‍ വിഷയത്തിൽ പരസ്യമായി മാപ്പ് പറയണമെന്നും മന്ത്രാലയം പറഞ്ഞു.
നേരത്തെ, ഇന്ത്യയിൽ ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ പരാമർശത്തിൽ ഖത്തറും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തറിലെ ഔദ്യോഗിക സന്ദർശനവേളയിലാണ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചു വരുത്തി ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചത്.
പ്രവാചകനെ നിന്ദിക്കുന്ന തരത്തിൽ ഭരണകക്ഷിയായ ബി.ജെ.പി വക്താക്കളുടെ പരാമർശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യൻ അംബാസഡർക്ക് കൈമാറുകയും ചെയ്തു.
അതേസമയം, പ്രവാചക നിന്ദ നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ച തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാൽ, ലോക മുസ്ലിംകളെ വേദനിപ്പിച്ച പ്രസ്താവന നടത്തിയതിന് പരസ്യക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ ഖത്തർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.