കുവൈത്ത് സിറ്റി: ആഗോള തലത്തിൽ വിവിധ കമ്പനികൾ നിർമിക്കുന്ന കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തിയിലേക്ക് ഉറ്റുനോക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഫലപ്രാപ്തി തെളിയിക്കുന്ന വാക്സിനുകൾ ഇറക്കുമതി ചെയ്യാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിന് ധനമന്ത്രാലയത്തിെൻറ അനുമതിയുണ്ട്. ആവശ്യമായ ഫണ്ട് മന്ത്രാലയം വകയിരുത്തിയിട്ടുമുണ്ട്. എന്നാൽ, ഏത് വാക്സിൻ ഇറക്കുമതി ചെയ്യണമെന്നത് സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. വിവിധ കമ്പനികളുമായി കുവൈത്ത് അധികൃതർ ബന്ധപ്പെട്ടുവരുന്നു. സാധ്യമാവുന്ന ഏറ്റവും ആദ്യത്തിൽ വാക്സിൻ എത്തിക്കാനാണ് കുവൈത്ത് ശ്രമിക്കുന്നത്. ലോകാരോഗ്യ സംഘടനയുമായും കുവൈത്ത് ആശയവിനിമയം നടത്തുന്നു.ജനുവരിയോടെ വാക്സിൻ എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഫൈസർ, മൊഡേണ, ഒാക്സ്ഫഡ് തുടങ്ങിയ വാക്സിനുകളാണ് ചർച്ചയിൽ മുന്നിലുള്ളത്.
ഒന്നിെൻറയും ഫലപ്രാപ്തിയിൽ നൂറുശതമാനം ഉറപ്പുപറയാനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനതന്നെ പറയുന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. 90 ശതമാനത്തിന് മുകളിൽ ഫലപ്രാപ്തിയാണ് കമ്പനികൾതന്നെ അവകാശപ്പെടുന്നത്. വാക്സിൻ എത്തിയാൽ വിതരണത്തിന് കുവൈത്ത് അധികൃതർ തയാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. വിവിധ റെസിഡൻഷ്യൽ ഏരിയകളിലെ ജനസംഖ്യ സംബന്ധിയായ ഏറ്റവും പുതിയ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റിയിൽനിന്ന് ശേഖരിക്കുന്നു. താമസക്കാരുടെ പ്രായം, പൗരത്വം എന്നിവ അടിസ്ഥാനമാക്കി പട്ടിക തയാറാക്കുന്ന നടപടികളാണ് സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ സഹകരണത്തോടെ നടന്നുവരുന്നത്.
ആരോഗ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതിക്കാണ് വാക്സിൻ ഇറക്കുമതി, സംഭരണം, വിതരണം തുടങ്ങിയ നടപടികളുടെ മേൽനോട്ട ചുമതല. പ്രായമായവർ, മാറാരോഗികൾ ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകില്ലെന്നും ആരോഗ്യമന്ത്രലയം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.