കുവൈത്ത് സിറ്റി: സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗംതീര്‍ത്ത മോഹന്‍ ജൊദാരോയിലെ ‘തൂ ഹെ’, പൊന്നിയിൻ ശെൽവനിലെ സ്വന്തം പാട്ട്, പിന്നെയും ഒത്തിരി ഗാനങ്ങൾ. സുന്ദരശബ്ദത്തിൽ ചെറുചുവടുവെപ്പിനൊപ്പം സന മൊയ്തുട്ടി അരങ്ങുനിറഞ്ഞപ്പോൾ കേൾവിക്കാർക്ക് സംഗീത മഴയായി. മനോഹരമായ ശബ്ദത്തിലുള്ള സനയുടെ പാട്ടുകൾക്കൊപ്പം യദു കൃഷ്ണനും ചേർന്നതോടെ നഫോ ഗ്ലോബൽ കുവൈത്ത് ‘ബി.ഇ.സി മ്യൂസ്-23’ കുവൈത്തിലെ ആസ്വാദകർക്ക് വിരുന്നായി. സ്വന്തം പാട്ടുകൾക്കൊപ്പം മറ്റു പാട്ടുകളും സന സ്വന്തം ശൈലിയിൽ അവതരിപ്പിച്ചു. പല ഭാഷകളിലുള്ള പാട്ടുകളുമായി യദു കൃഷ്ണനും പാടിത്തുടങ്ങി. നിറകൈയടിയോടെയാണ് ഇരുവരുടെയും പാട്ടുകൾ സദസ്സ് സ്വീകരിച്ചത്.
നഫോ ഗ്ലോബൽ കുവൈത്ത് ‘ബി.ഇ.സി മ്യൂസ്-23’ ഫെസ്റ്റിവൽ ഓഫ് മ്യൂസിക് ആസ്വദിക്കാൻ നിരവധി പേരാണ് സാൽമിയ മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിലെത്തിയത്. ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി സി.ഇ.ഒ മാത്യു വർഗീസും അൽ റഷീദ് ഷിപ്പിങ്ങിന്റെ സി.എഫ്.ഒ പ്രദീപ് മേനോനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ആഘോഷത്തിന് നാഫോ പ്രസിഡന്റ് രാജീവ് മേനോൻ, ഉപദേശക സമിതി മേധാവി വിജയൻ നായർ, പ്രോഗ്രാം കൺവീനർ ജയരാജ് നായർ എടത്തിൽ, വൈസ് പ്രസിഡന്റ് നവീൻ സി.പി, വനിത വിഭാഗം വൈസ് കോഓഡിനേറ്റർ സജിത മേനോൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. പ്രഗല്ഭരായ സംഗീതജ്ഞരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മാഗസിൻ, പ്രോഗ്രാം ജോയന്റ് കൺവീനർ രാകേഷ് ഉണ്ണിത്താനിൽനിന്നും സ്വീകരിച്ച് മുഖ്യ പ്രായോജകർ പ്രകാശനംചെയ്തു. നഫോ മ്യൂസ്-23 അവതരണഗാനം, ടീം ഡില്യൂഷൻസിന്റെ നൃത്തം എന്നിവയും അരങ്ങിലെത്തി. കലാകാരന്മാരെ അണിയറപ്രവർത്തകർ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.