കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ശുഭപ്രതീക്ഷയിൽ ജനങ്ങളും ഭരണ നേതൃത്വവും. രാജ്യത്തെ തുടർച്ചയായ രാഷ്ട്രീയ പ്രതിസന്ധികളിൽനിന്ന് കരകയറ്റാൻ പുതിയ എം.പിമാരും സർക്കാറും സഹകരിക്കുമെന്നാണ് പ്രതീക്ഷ.
2020 ഡിസംബറിന് ശേഷമുള്ള മൂന്നാമത്തെയും 2012ന് ശേഷമുള്ള ഏഴാമത്തെയും തിരഞ്ഞെടുപ്പിനാണ് ചൊവ്വാഴ്ച രാജ്യം സാക്ഷിയായത്. നാലുവർഷ കാലാവധിയുള്ള ദേശീയ അസംബ്ലി 2016നുശേഷം ഒരു തവണയാണ് മുഴുവൻ കാലാവധിയും പൂർത്തിയാക്കിയത്. സർക്കാറും എം.പിമാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും കോടതി ഇടപെടലുമാണ് മുൻ അസംബ്ലിയുടെ പിരിച്ചുവിടലുകൾക്ക് കാരണം. പുതിയ എം.പിമാർ ചുമതല ഏൽക്കുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്യുന്നതോടെ ഇവക്കെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഈ മാസം 20ന് ദേശീയ അസംബ്ലിയുടെ ആദ്യസമ്മേളനം ചേരും. ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് ഫലത്തിന് പിറകെ മന്ത്രിസഭ രാജി സമർപ്പിച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭ ഉടൻ രൂപപ്പെടുത്തുമെന്നാണ് സൂചന. നിലവിൽ സർക്കാർ കാവൽ മന്ത്രിസഭയായി തുടരുകയാണ്. പുതിയ മന്ത്രിസഭ രൂപവത്കരിക്കാൻ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനോട് അമീർ ആവശ്യപ്പെടും. അല്ലെങ്കിൽ പുതിയ സർക്കാറിനെ നയിക്കാൻ പുതിയ ആളെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പീക്കർ സ്ഥാനത്തേക്ക് അഹമ്മദ് അൽ സദൂൻ വീണ്ടും മത്സരിക്കും. സ്പീക്കർ സ്ഥാനാർഥിത്വം സദൂൻ പ്രഖ്യാപിച്ചിട്ടുണ്ട്. പിരിച്ചുവിട്ട സഭയിലടക്കം നേരത്തെ മൂന്നു തവണ സ്പീക്കറായിട്ടുണ്ട് അൽ സദൂൻ.
അതേസമയം, മാർച്ചിൽ ഭരണഘടന കോടതി അസാധുവാക്കിയ 2022 ദേശീയ അസംബ്ലിയിലെ 38 അംഗങ്ങൾ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 50 എം.പിമാരിൽ മൂന്നുപേർ മത്സരിച്ചിട്ടില്ല. ഒമ്പത് പേർക്ക് സീറ്റ് നഷ്ടപ്പെട്ടു. ഇതോടെ 12 എം.പിമാർക്ക് മാത്രമാണ് പുതിയ അസംബ്ലിയിൽ മാറ്റമുള്ളത്. ഇതിൽ മുൻ സ്പീക്കർ മർസൂഖ് അൽ ഗാനിം, മുൻ എം.പി മുഹമ്മദ് ഹയേഫ് എന്നിവർക്ക് അസംബ്ലിയിൽ മുൻപരിചയമുണ്ട്. ബാക്കി 10 പേർ മാത്രമാണ് പുതുമുഖങ്ങൾ. ജിനാൻ ബുഷെഹ്രി മാത്രമാണ് വനിത അംഗം. പുതിയ സഭയിൽ ദേശീയവാദികൾക്ക് മുൻഗണന ലഭിച്ചതായി വിലയിരുത്തലുകളുണ്ട്. ഇതിനാൽ മുൻ സഭയേക്കാൾ കൂടുതൽ പോരാട്ടവീര്യമുള്ള അസംബ്ലിയാണ് സർക്കാറിന് നേരിടേണ്ടിവരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.