കുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനാഘോഷത്തിന് രാജ്യത്ത് ഔപചാരിക തുടക്കം. ബുധനാഴ്ച രാവിലെ 10ന് ബയാൻ പാലസിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ രക്ഷാകർതൃത്വത്തിൽ പ്രതിനിധി ദേശീയ പതാക ഉയർത്തി. അമീറിന്റെ പ്രതിനിധിയുടെ വാഹനവ്യൂഹം വേദിയിലെത്തിയപ്പോൾ സൈന്യത്തിന്റെയും പൊലീസിന്റെയും ദേശീയ ഗാർഡിന്റെയും ഉദ്യോഗസ്ഥർ സല്യൂട്ട് നൽകി സ്വീകരിച്ചു. തുടർന്ന് ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. ഇതോടെ ഒരുമാസത്തെ ആഘോഷത്തിന് തുടക്കമായി. വരുംദിവസങ്ങളിൽ വ്യത്യസ്തമായ ആഘോഷങ്ങൾക്ക് രാജ്യം സാക്ഷിയാകും. 62ാമത് ദേശീയദിനത്തിന്റെയും 32ാമത് വിമോചന ദിനത്തിന്റെയും ആഘോഷത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നത്. ഫെബ്രുവരി 25, 26 തീയതികളിലാണ് രാജ്യം ദേശീയ-വിമോചന ദിനമായി ആഘോഷിക്കുന്നത്.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അബ്ദുൽ അസീസ് അൽ സദൂൻ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
രാജ്യത്തെ ആറു ഗവർണറേറ്റുകളിലും ബുധനാഴ്ച പതാക ഉയർത്തൽ ചടങ്ങുകൾ നടന്നു. പൂർവികർ കാഴ്ചവെച്ച മാർഗത്തിൽ തുടരാനുള്ള പ്രതിജ്ഞകൾ പുതുക്കുന്നതിന്റെ പ്രതീകമാണ് പതാക ഉയർത്തൽ ചടങ്ങെന്ന് ഫർവാനിയ ഗവർണർ ശൈഖ് മിശ്അൽ അൽ ജാബിർ അൽ അബ്ദുല്ല അസ്സബാഹ് പറഞ്ഞു.
വർഷങ്ങളായി കുവൈത്ത് കൈവരിച്ച നേട്ടങ്ങൾ അനുസ്മരിക്കാനുള്ള അവസരമാണ് ദേശീയ-വിമോചന ദിനങ്ങളെന്ന് അൽ ജഹ്റ ഗവർണർ നാസർ അൽ ഹജ്റഫ് പറഞ്ഞു. ഇത്തരം ചടങ്ങുകൾ രാജ്യത്തോടുള്ള ആത്മാർഥതയും വിശ്വസ്തതയും പുനരുജ്ജീവിപ്പിക്കുന്നതാണെന്ന് മുബാറക് അൽ കബീർ ഗവർണർ റിട്ട. മേജർ ജനറൽ മഹ്മൂദ് ബുഷെഹ്രി വ്യക്തമാക്കി. പൂർവികരുടെ ത്യാഗമാണ് കുവൈത്തിനെ അഭിമാനിക്കാവുന്ന ഒരു രാജ്യമാക്കി മാറ്റിയതെന്ന് അഹമ്മദി ഗവർണർ ശൈഖ് ഫവാസ് ഖാലിദ് അസ്സബാഹ് തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ഹവല്ലി ഗവർണറും അൽ അസിമയുടെ ആക്ടിങ് ഗവർണറുമായ അലി അൽ അസ്ഫർ ജനങ്ങളുടെ ഏകീകരണവും ഐക്യദാർഢ്യവും ശക്തിപ്പെടുത്തുന്നതാണ് ഇത്തരം ചടങ്ങുകളെന്ന് ഉണർത്തി.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കുവൈത്തിലെ ജനങ്ങൾ എന്നിവരെ ഗവർണർമാർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.