കുവൈത്ത് സിറ്റി: കുവൈത്തിൽ സലൂൺ, റസ്റ്റാറൻറ്, ചെറുകിട വ്യാപാരം എന്നിവയുടെ ഉടമകൾ പ്രതിഷേധ ഭാഗമായി ഒത്തുകൂടാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സീഫ് പാലസ് മുതൽ അൽ വതായ ബീച്ച് വരെ ഭാഗങ്ങളും പാർലമെൻറിനു സമീപവും പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതോടെ പ്രതിഷേധം ഒാൺലൈനാക്കാൻ സംഘാടകർ നിർബന്ധിതരായി. കഴിഞ്ഞ ദിവസം പാർലമെൻറ് മന്ദിരത്തിനു മുന്നിലെ ഇറാദ ചത്വരത്തിൽ പ്രഖ്യാപിച്ച പ്രതിഷേധ സംഗമവും നടത്താൻ അനുവദിച്ചിരുന്നില്ല.
ഇറാദ ചത്വരത്തിനു മുന്നിൽ പൊലീസ് നിലയുറപ്പിച്ചതോടെ സമരക്കാർ ഫിഷർമെൻ ദീവാനിയയിലേക്കു നീങ്ങി. ഇവിടെയും ഒത്തുകൂടുന്നതിന് പൊലീസ് തടയിട്ടു. എല്ലാവരോടും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതോടെ പ്രതിഷേധക്കാർ ബാർ അസോസിയേഷൻ ചത്വരത്തിലേക്കു നീങ്ങി. അടുത്ത ദിവസങ്ങളിൽ ബീച്ചിലോ മറ്റോ ഒത്തുകൂടാനുള്ള സാധ്യത മുന്നിൽകണ്ടാണ് പൊലീസ് ഇൗ ഭാഗങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ചത്.
കോവിഡ് പ്രതിരോധത്തിനായി സലൂണുകൾ അടച്ചിടാനും കഫെകളിൽ ഇരുന്ന് കഴിക്കുന്നത് നിയന്ത്രിച്ചും ഉത്തരവിറക്കിയതിനെതിരെയാണ് ഉടമകൾ പ്രതിഷേധിച്ചത്. ഇത് ഇൗ സംരംഭങ്ങളുടെ പൂർണ തകർച്ചക്ക് വഴിവെക്കുമെന്നാണ് ഉടമകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.