പുതിയ മന്ത്രിസഭ
1-ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് (പ്രധാനമന്ത്രി)
2-ഡോ. ഇമാദ് മുഹമ്മദ് അൽ അത്തിഖി (ഉപ പ്രധാനമന്ത്രി, എണ്ണ മന്ത്രി)
3-അബ്ദുൽറഹ്മാൻ ബദാഹ് അൽ മുതൈരി (ഇൻഫർമേഷൻ ആൻഡ് സാംസ്കാരികം)
4-ഡോ. അഹ്മദ് അബ്ദുൽവഹാബ് അൽ അവാദി (ആരോഗ്യം)
5-ഫെറാസ് സൗദ് അസ്സബാഹ് (സാമൂഹികകാര്യം, കുടുംബം, ബാല്യകാര്യം, കാബിനറ്റ് കാര്യ സഹമന്ത്രി)
6-ഡോ. അൻവർ അലി അൽ മുദാഫ് (ധനകാര്യം, സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി)
7-ഡോ. സാലിം ഫലാഹ് അൽ ഹജ്റഫ് (വൈദ്യുതി, ജലം, പുനരുപയോഗ ഊർജം, ഭവനകാര്യ സഹമന്ത്രി)
8- ദാവൂദ് സുലൈമാൻ മറാഫി (ദേശീയ അസംബ്ലി കാര്യം, യുവജനകാര്യം, വാർത്താവിനിമയം സഹമന്ത്രി)
9-ഡോ. ആദൽ മുഹമ്മദ് അൽ അദാനി (വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം)
10-അബ്ദുല്ല ഹമദ് അൽ ജോവാൻ (വാണിജ്യ വ്യവസായം)
11-അബ്ദുല്ല അലി അൽ യഹ്യ (വിദേശകാര്യം)
12-ഫൈസൽ സയീദ് അൽ ഗരീബ് (നീതിന്യായം, ഔഖാഫ്, ഇസ്ലാമിക കാര്യം)
13-ഡോ.നൂറ മുഹമ്മദ് അൽ മഷാൻ (പൊതുമരാമത്ത് മന്ത്രി, മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രി)
കുവൈത്ത്സിറ്റി: പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് ഇനി കുവൈത്തിനെ നയിക്കും. ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭക്ക് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബുധനാഴ്ച അംഗീകാരം നൽകി. ഇതിന് പിറകെ പ്രധാനമന്ത്രിയും മന്ത്രിമാരും അമീറിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. 13 മന്ത്രിമാർ ഉൾക്കൊള്ളുന്നതാണ് പുതിയ മന്ത്രിസഭ. മുൻ സർക്കാറിൽ നിന്നു വ്യത്യസ്തമായി ഒരു ഉപപ്രധാനമന്ത്രി മാത്രമാണുള്ളത്. ഒരു വനിതയും മന്ത്രിസഭയിൽ ഉൾപ്പെടുന്നു. ഡോ. ഇമാദ് മുഹമ്മദ് അൽ അത്തിഖി ഉപപ്രധാനമന്ത്രി പദവിയോടെ എണ്ണ മന്ത്രിയുടെ സ്ഥാനം വഹിക്കും. പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രിയുമായ ഡോ. നൂറ മുഹമ്മദ് അൽ മഷാൻ ആണ് സർക്കാറിലെ ഏക വനിത.
മുൻ സർക്കാറിലെ മന്ത്രിമാരിൽ കാര്യമായ അഴിച്ചുപണിയോടെയാണ് പുതിയ മന്ത്രിസഭ. മുൻ സർക്കാറിലെ മൂന്ന് ഉപപ്രധാനമന്ത്രിമാരിലും മാറ്റമുണ്ട്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് അഹമ്മദ് അൽ ഫഹദ് അൽ അഹമ്മദ് അൽ ജാബിർ അൽസ്സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് എന്നിവരടക്കം മാറി. ഇൻഫർമേഷൻ-സാംസ്കാരിക മന്ത്രി അബ്ദുൽറഹ്മാൻ ബദാഹ് അൽ മുതൈരി, ആരോഗ്യമന്ത്രി ഡോ. അഹ്മദ് അബ്ദുൽവഹാബ് അൽ അവാദി എന്നിവർ തൽസ്ഥാനത്ത് തുടരും. അടുത്ത അസംബ്ലി സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ദേശീയ അസംബ്ലിക്കുമുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.
ഡിസംബർ 20ന് പുതിയ അമീർ സത്യപ്രതിജ്ഞ ചെയ്തതിനു പിറകെ മുൻ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജി സമർപ്പിച്ചിരുന്നു. തുടർന്ന് അമീർ ജനുവരി നാലിന് പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലിം അസ്സബാഹിനെ നിയമിച്ചു.
തുല്യ നീതി ഉറപ്പാക്കുക- അമീർ
കുവൈത്ത്സിറ്റി: ദേശീയ സുരക്ഷ വർധിപ്പിക്കാനും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ പോരാടാനും എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കാനും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പുതിയ സർക്കാറിനോട് ആഹ്വാനം ചെയ്തു. എല്ലാ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും നീതിയും സമത്വവും പ്രോത്സാഹിപ്പിക്കാൻ അമീർ മന്ത്രിമാരോട് നിർദേശിച്ചു. എക്സിക്യൂട്ടിവ് ഓഫിസർമാരുടെ നിയമനം, നിയമനങ്ങളിലെ തുല്യത, പൊതുഫണ്ട് സംരക്ഷിക്കൽ തുടങ്ങിയവയിൽ സൂക്ഷ്മത പാലിക്കണം. സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളുടെ ആത്മവിശ്വാസത്തിന് കാരണമാകുമെന്ന് അമീർ പറഞ്ഞു.
ഇത് പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിനും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സഹായിക്കും. ഭരണഘടനക്ക് അനുസൃതമായി പ്രവർത്തിക്കാനും അമീർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.