കുവൈത്ത് സിറ്റി: നഴ്സിങ് റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്താൻ കേരളത്തിൽനിന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘം കുവൈത്തിലെത്തുന്നു. ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൽട്ടൻറ്സ് (ഒഡെപെക്) സംഘത്തെ നയിച്ചാണ് മന്ത്രി രാമകൃഷ്ണൻ എത്തുക. 24, 25 തീയതികളിലാണ് കുവൈത്ത് ആരോഗ്യമന്ത്രാലയവുമായി ചർച്ച നിശ്ചയിച്ചിട്ടുള്ളത്.
അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർമാൻ എൻ. ശശിധരൻ നായർ, എം.ഡി ശ്രീറാം വെങ്കട്ടരാമൻ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. നഴ്സിങ് റിക്രൂട്ട്മെൻറിന് സർക്കാർ തലത്തിൽ നേരിട്ടുള്ള കരാറിനോടാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനും താൽപര്യം എന്നാണ് സൂചന. 500 നഴ്സുമാരെ നോർക്ക വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയം വൈകാതെ നിയമിച്ചേക്കും. 500 നഴ്സുമാരുടെ ഒഴിവുനികത്താൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം നോർക്കയുടെ സഹായം തേടിയതായി റിപ്പോർട്ടുണ്ട്.
ഇത്രയും പേരെ ഒരുമാസത്തിനുളിൽ ലഭ്യമാക്കാമെന്ന് നോർക്ക ഇന്ത്യൻ എംബസി വഴി കുവൈത്ത് ആരോഗ്യമന്ത്രാലയത്തെ അറിയിച്ചതായാണ് വിവരം. നേരത്തേ ആരോഗ്യമന്ത്രാലയത്തിലേക്ക് ആവശ്യമുള്ള നഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്നത് സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയായിരുന്നു. വിവിധ രാജ്യങ്ങളിലെ ഇടനിലക്കാരും സ്വകാര്യ ഏജൻസികളും നഴ്സിങ് നിയമനത്തിന് ഉദ്യോഗാർത്ഥികളിൽനിന്ന് വൻ തുകയാണ് ഫീസ് ആയി ഈടാക്കിയിരുന്നത്. റിക്രൂട്ട്മെൻറ് സർക്കാർ ഏജൻസിയായ നോർക്ക വഴിയാകുന്നതോടെ സർവിസ് ചാർജ് ആയി 20,000 രൂപമാത്രമാണ് ഉദ്യോഗാർത്ഥികൾക്ക് ചെലവ് വരിക. 20 ലക്ഷം രൂപ വരെ കൈക്കൂലി ഇൗടാക്കി ഏജൻസികൾ റിക്രൂട്ട്മെൻറ് നടത്തിയിരുന്ന സ്ഥാനത്താണിത്. ഏപ്രിലിൽ കുവൈത്തിലെത്തിയ നോർക്ക റിക്രൂട്ട്മെൻറ് ഡയറക്ടർ അജിത് കാരശ്ശേരി ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. മാജിദ അൽ ഖത്താൻ, ആരോഗ്യമന്ത്രാലയം നഴ്സിങ് ഡയറക്ടർ വദാ അൽ ഹുസൈൻ എന്നിവരുമായി ചേർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.