നഴ്സുമാർ ലോകത്തിനു നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ആഗോളതലത്തിൽ നഴ്സസ് ദിനം ആചരിക്കുന്നത്. ജോലിസമയത്ത് ഓരോ നഴ്സും തങ്ങളുടെ വ്യഥകൾ മറന്ന് രോഗിയുടെ മനസ്സിന് കുളിർമയേകുന്ന കർമങ്ങളിൽ മുഴുകുന്നു.
ആതുരശുശ്രൂഷ എന്നത് കേവലം രോഗസൗഖ്യം മാത്രമല്ലെന്നും രോഗിയെ അടുത്തറിഞ്ഞ് വികാരവായ്പുകള്‍ പങ്കുവെക്കുന്നതും അപരനിലേക്കുള്ള വിശാലമായ പ്രയാണമാണെന്നും നഴ്സ് സമൂഹം തെളിയിക്കുന്നു.
ഇത്തരത്തിലുള്ള കേൾവികൾക്കപ്പുറമുള്ള ഉൾവിളികൾക്കായി കാതോർക്കാനും കാഴ്ചകൾക്കപ്പുറമുള്ള കാണാക്കാഴ്ചകളിലേക്ക് കണ്ണുതുറക്കാനും ഭയലേശമന്യേ പ്രയാണം തുടരാനും നഴ്സുമാർക്ക് അകമഴിഞ്ഞ ജനപിന്തുണ ഉണ്ടാകണം. നഴ്സുമാർ രോഗികളോട് പുലര്‍ത്തുന്ന നിസ്വാര്‍ഥ പരിചരണം ഓർമിപ്പിക്കപ്പെടണം, അംഗീകരിക്കപ്പെടണം.
ലോകമെങ്ങും നഴ്സുമാർ അഭിമുഖീകരിക്കുന്ന കാഠിന്യമേറിയ ജീവിതാവസ്ഥകളെക്കുറിച്ച് പൊതുജനങ്ങൾക്ക് ധാരണയുണ്ടാകണം.ഭൂമിയിലെ മാലാഖമാരായി, രോഗങ്ങളുടെയും രോഗികളുടെയും മരുന്നുകളുടെയും ഇടയില്‍ പറന്നുനടക്കുന്ന നഴ്സുമാർ സ്നേഹവും സാന്ത്വനവുമാണ് വിതറുന്നത്.
ചുറ്റുപാടും അലയടിക്കുന്ന രോദനങ്ങൾ കേൾക്കാനും ഈറനണിയിക്കുന്ന കാഴ്ചകൾ കാണാനും ഇനിയും ഏറെ ധീരതയോടെ മുന്നേറാൻ നഴ്സ് സമൂഹത്തിന് സാധിക്കട്ടെ. വേനലിലെ നീരുറവപോലെ തളര്‍ച്ചയില്‍ താങ്ങാകുന്ന നഴ്സുമാരിലൂടെ ‘ഇരുട്ടിനപ്പുറത്ത് പ്രകാശത്തിന്റെ നാളമുണ്ട്’ എന്ന തിരിച്ചറിവ് രോഗികൾക്കും ഉണ്ടാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.