ആറ് ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പാതദുബൈ: ഒമാനും യു.എ.ഇയും തമ്മിൽ ബന്ധിക്കുന്ന റെയിൽ പദ്ധതിക്ക് ഔദ്യോഗികമായി ധാരണയായതോടെ പിന്നിട്ടത് ജി.സി.സി റെയിൽ പാതയിലേക്കുള്ള സുപ്രധാന ചുവട്. രണ്ടായിരത്തിലേറെ കിലോമീറ്റർ നീളത്തിൽ ജി.സി.സി റെയിൽവേ ശൃംഖലയെ കുറിച്ച് നേരത്തെതന്നെ ചർച്ചകൾ സജീവമായിരുന്നു.
യു.എ.ഇയുടെ ഇത്തിഹാദ് റെയിൽ പദ്ധതി വളരെ സജീവമായി മുന്നോട്ടുപോയതോടെയാണ് ജി.സി.സി പാത സാധ്യമാണ് എന്ന അഭിപ്രായം ശക്തമായത്. ഒമാനിലെ സുഹാർ തുറമുഖവുമായി അബൂദബിയെ ബന്ധിപ്പിക്കുന്ന പാതക്ക് കരാറായതോടെ പദ്ധതിക്ക് ചിറക് മുളച്ചിരിക്കയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
2009ലാണ് കുവൈത്തിൽനിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്ക് നീളുകയും ഒടുവിൽ ഒമാനിലെ സുഹാർ തുറമുഖത്ത് അവസാനിക്കുകയും ചെയ്യുന്ന രീതിയിൽ ജി.സി.സി പാത നിർദേശിക്കപ്പെട്ടത്. നീണ്ട പത്തുവർഷത്തെ പഠനത്തിന് ശേഷം 2021ഡിസംബറിൽ ജി.സി.സി റെയിൽ അതോറിറ്റി രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒപ്പുവെച്ച കരാറോടെ റെയിൽ ശൃംഖലയുടെ യു.എ.ഇയിലെയും ഒമാനിലെയും ഭാഗങ്ങൾ പൂർത്തിയാകാനാണ് വഴിയൊരുങ്ങിയത്. ജി.സി.സി റെയിൽ പദ്ധതിയിൽ ഓരോ രാജ്യങ്ങളും സ്വന്തം ഭാഗം പൂർത്തിയാക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യാനാണ് ആലോചിക്കുന്നത്. പൂർത്തിയായാൽ ജനങ്ങൾക്ക് ഏറെ സൗകര്യപ്രദവും വികസന രംഗത്ത് വലിയ കുതിപ്പിന് വഴിവെക്കുമെന്നുമാണ് പദ്ധതിയെന്ന് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
പദ്ധതി വിവിധ കാരണങ്ങളാൽ പദ്ധതിയിൽ വലിയ മുന്നേറ്റം ഉണ്ടായിരുന്നില്ല. ഖത്തറുമായി നയതന്ത്ര തലത്തിൽ രൂപപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതോടെ തന്നെ ഈ റെയിൽവേ പദ്ധതിക്ക് അംഗ രാജ്യങ്ങൾക്കിടയിൽ ചർച്ച സജീവമായിരുന്നു.
റെയിൽ കടന്നുപോകുന്ന തോട്ടങ്ങളുടെ ഉടമസ്ഥർ എതിർപ്പുമായി രംഗത്തെത്തിയതും ഗൾഫ് രാജ്യങ്ങളുടെ മുഖ്യവരുമാനമായ എണ്ണ വിലയിലുണ്ടായ ഇടിവ് അംഗ രാജ്യങ്ങളുടെ ബജറ്റിനെ പ്രതികൂലമായി ബാധിച്ചതും പദ്ധതിയെ തടസ്സപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ എണ്ണ വിലയിലടക്കം തീർത്തും അനുകൂലമായ സാഹചര്യമാണെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ 25ബില്യൺ ഡോളറാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയത്.
ജി.സി.സി രാജ്യങ്ങൾ തമ്മിൽ അകലം കുറയുകയും പരസ്പര സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി. രാജ്യങ്ങൾക്കിടയിലെ യാത്രാ, ചരക്ക് നീക്കത്തിൽ വിപ്ലവകരമായ മാറ്റത്തിന് തിരികൊളത്താനും ഇത് സഹായകരമാകും. ജി.സി.സി റെയിൽ പദ്ധതി ആറ് ഗൾഫ് രാജ്യങ്ങൾ തമ്മിലെ ബന്ധം വർധിപ്പിക്കുമെന്നും ഇത് വിപുലമായ സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാകുമെന്നും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് അൽ ഹജ്‌റഫ് മേയ് മാസത്തിൽ അബൂദബി പ്രസ്താവിച്ചിരുന്നു. ജി.സി.സി പാത അനിവാര്യമാണെന്ന അഭിപ്രായത്തിന് പൊതു സ്വീകാര്യത കൈവന്നതാണ് ഈ പ്രസ്താവന വെളിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.