കുവൈത്ത് സിറ്റി: ഓണദിനം കഴിഞ്ഞുപോയെങ്കിലും കുവൈത്ത് മലയാളികളുടെ ആഘോഷങ്ങൾ തുടങ്ങാനിരിക്കുന്നതേയുള്ളൂ. പ്രവാസികളുടെ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ആഘോഷത്തിന് വെള്ളിയാഴ്ച തുടക്കമാകും. ഓണദിനമായ ചൊവ്വാഴ്ച തൊഴിൽ ദിനമായിരുന്നതിനാലാണ് അവധി ദിനമായ വെള്ളിയാഴ്ചകളിലേക്ക് ആഘോഷങ്ങൾ മാറ്റിവെക്കുന്നത്. എല്ലാ മലയാളി സംഘടനകളും കൂട്ടായ്മകളും ആഘോഷപരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയുള്ള വെള്ളി, ശനി ദിനങ്ങൾ കുവൈത്തിലെ പ്രധാന സ്കൂളുകളും ഓഡിറ്റോറിയങ്ങളും മലയാളികളുടെ സംഗമ വേദിയാകും. കേരളീയ കലകളും സദ്യയും മുണ്ടും സെറ്റുസാരിയും കുപ്പിവളകളും മാലയും കമ്മലുമൊക്കെ അണിഞ്ഞ് എല്ലാവരും ആഘോഷങ്ങളിൽ പങ്കാളികളാകും. ആഘോഷത്തിന് മാറ്റുകൂട്ടാൻ, പുലികളും വേട്ടക്കാരനും ചെണ്ടമേളവും മാവേലിയും എല്ലാം എത്തും. കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സരപരിപാടികൾ നടക്കും. പാട്ടും നൃത്തവുംകൊണ്ട് വേദി നിറയും. ആഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ നാട്ടിൽനിന്ന് കലാകാരന്മാരെത്തും. അങ്ങനെ നാടിന്റെ ഓർമകളിൽ പൊലിമ ഒട്ടും കുറക്കാതെ കുവൈത്ത് മലയാളികളും ആഘോഷത്തിൽ മുഴുകും.
സാരഥി കുവൈത്ത് ആഘോഷം ഖൈത്താൻ കാർമൽ സ്കൂളിൽ
കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് ഓണാഘോഷവും ശ്രീനാരായണ ഗുരുദേവ ജയന്തിയും ഇന്ന് ഖൈത്താൻ കാർമൽ സ്കൂളിൽ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യും. ‘പലമത സാരവുമേകം’ എന്ന ഗുരുദർശനത്തെ ആസ്പദമാക്കിയുള്ള ആശ പ്രദീപിന്റെ (ഗുരുനാരായണ സേവാ നികേതൻ,കോട്ടയം) പ്രഭാഷണം, പ്രാദേശിക സമിതികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവ നടക്കും.ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. കുവൈത്തിലെ സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
വാക്കോണം ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ വാക്കിന്റെ ഓണാഘോഷം വെള്ളിയാഴ്ച ഫഹാഹീൽ യൂനിറ്റി ഹാളിൽ നടക്കും. ‘വാക്കോണം 2023’ എന്ന തലക്കെട്ടിലുള്ള ആഘോഷത്തിൽ ഓണസദ്യ, വടംവലി, വാക്ക് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ കുവൈത്തിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന ഗാനമേള തുടങ്ങി വിപുലമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.