ഓർമയിലെ ഓണത്തിന് നാട്ടുഗ്രാമത്തിന്റെ ഭംഗിയാണ്. കൊയ്ത്തുപാട്ടിന്റെ ഈണം അലയടിച്ച വയലേലകളിലെ കാഴ്ചകളിൽനിന്നാണ് അതിന്റെ തുടക്കം. നെൽക്കതിരണിഞ്ഞ കറ്റകൾ തലച്ചുമടാക്കി കൊണ്ടിട്ട് ആ നെല്ല് പുഴുങ്ങിയുണക്കി ഉരലിൽ കുത്തിയെടുത്ത് അരിയാക്കിയാണ് പണ്ട് ചോറൊരുക്കിയിരുന്നത്. മുത്തശ്ശിമാർ വാഴയിലകളിൽ മരച്ചീനി മഞ്ഞളിട്ട് വാട്ടിയെടുത്ത് ഉണ്ടാക്കിയ വറ്റലും ഓണത്തുമ്പികളും മാണിക്യച്ചെമ്പഴുക്കയും തിരുവാതിരക്കളിയും ഊഞ്ഞാലും ആർപ്പുവിളികളും എല്ലാം ഇതിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകും.
ചിങ്ങമാസം പുലർന്നാൽ നാട്ടിൽ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കം തുടങ്ങും.കുട്ടികൾ പറമ്പുകളിൽ നാടൻ പന്തുകളിയിലും കബഡിയിലും മുഴുകുമ്പോൾ പെൺകുട്ടികൾ മാണിക്യച്ചെമ്പഴുക്ക കളിയിലും തിരുവാതിര കളികളിലും മുഴുകും; മുതിർന്നവർ കവുങ്ങിലും പ്ലാവിൻ കൊമ്പുകളിലും പ്ലാച്ചിവള്ളികൊണ്ട് ഊഞ്ഞാൽ കെട്ടിയും. അതിൽ ഞങ്ങൾ മതിയാവോളം ആടിത്തിമിർക്കും.
അത്തമായാൽ പൂക്കളമൊരുക്കാനുള്ള പൂ പറിക്കാൻ കുട്ടികൾ ഒരുമിച്ചാണ് പോവുക. കാശിത്തുമ്പയും തെറ്റിയും വാടാമുല്ലയും തുളസിയിലയും ചെമ്പരത്തിപ്പൂവും എല്ലാം ഒരുമിച്ചു ശേഖരിച്ച് പങ്കിടും. പുലർച്ച പുറത്തിറങ്ങുമ്പോൾ അയൽവീടുകളിലെ മുറ്റങ്ങളിൽ ആ പൂക്കൾ മനോഹരമായ പൂക്കളങ്ങളായി കാണാം.
തിരുവോണത്തിന് വീടുകളിൽ ഒരുമിച്ചിരുന്നുള്ള ഭക്ഷണം കഴിക്കൽ, വിവിധയിനം കളികളിൽ മുഴുകൽ, വിരുന്നു വരുന്നവരും പോകുന്നവരും... എവിടെയും ഓണത്തിന്റെ ആർപ്പുവിളികളും ആഘോഷങ്ങളും മാത്രമാകും അന്ന്.
ഇന്ന് പ്രവാസ ലോകത്തിരിക്കുമ്പോൾ, ഓണം റെഡിമെയ്ഡ് വസ്തുക്കളുടേതാണ്. അത്തപ്പൂവുവരെ വിവിധയിനം കളർ വിതറിയ ഉപ്പിലേക്ക് മാറി. പഴയ കളികളും പാചകവുമില്ല. ഓണസദ്യ വരെ കേറ്ററിങ്ങുകാരെ ചുമതലപ്പെടുത്തുന്നു. പായസവും ഇലയും വരെ റെഡിമെയ്ഡായി.
നാടും മാറിയിരിക്കുന്നു എന്നും തിരിച്ചറിയുന്നു. ഇന്ന് പഴയ കാലത്തെപ്പോലെ കുട്ടികളുടെ പറമ്പുകളിലെയും മുറ്റത്തെയും കളികളില്ല. അയൽക്കാർ ആരെന്നുപോലും അറിയാത്ത അവസ്ഥ. ആത്മാർഥ ബന്ധങ്ങളും സൗഹൃദ വലയങ്ങളും ഇല്ലാത്ത അവസ്ഥ.
എല്ലാവരും തിരക്കിലാണ്; ആർക്കും ഒന്നിനും സമയമില്ല. എന്നാൽ, എല്ലാവരും വിരൽത്തുമ്പിലെ മൊബൈലിൽ എത്രസമയം വേണമെങ്കിലും ചെലവിടുന്നു. കാലം കുറെക്കൂടി മുന്നോട്ടുപോയാൽ പഴയ ഓണത്തെ കുറിച്ച് വായിച്ചുമാത്രം അറിയേണ്ടിവരും. അപ്പോഴും ഒരു മധുര ഓർമയായി കുട്ടിക്കാലത്തെ ഓണം ചിലരുടെയെങ്കിലും മനസ്സിൽ ബാക്കി കാണും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.