കുവൈത്ത് സിറ്റി: കേരളത്തിൽ ഓൺലൈൻ ആർ.ടി.ഐ പോർട്ടൽ സ്ഥാപിച്ച നടപടി പ്രവാസികൾക്ക് ഗുണം ചെയ്യുമെന്ന് പ്രവാസി ലീഗൽ സെൽ വ്യക്തമാക്കി. വിഷയത്തിൽ പ്രവാസി ലീഗൽ നിയമ നടപടി സ്വീകരിക്കുകയും കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സർക്കാർ നടപടി. കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓൺലൈൻ ആർ.ടി.ഐ പോർട്ടലുകൾ ഉണ്ടെങ്കിലും സംസ്ഥാനങ്ങളിൽ ഓൺലൈൻ ആർ.ടി.ഐ പോർട്ടലുകൾ നിലവിലുണ്ടായിരുന്നില്ല. സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന പെരുമ പറയുന്ന കേരളത്തിലും ഓൺലൈൻ ആർ.ടി.ഐ പോർട്ടലുകൾ ഇല്ലാത്തതിനെ തുടർന്നാണ് പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന സുപ്രീംകോടതിയെ സമീപിച്ചത്.
ഓൺലൈൻ പോർട്ടലിന്റെ അഭാവത്തിൽ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കിൽ നേരിട്ടോ തപാൽ മുഖാന്തരമോ അപേക്ഷ നൽകണമായിരുന്നു. ഇതുമൂലം ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവർ പ്രവാസികളാണ്.പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതാണ് സുപ്രീംകോടതിയുടെ ഇടപെടലെന്നും തുടർന്നും ഇത്തരം നടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, പ്രവാസി ലീഗൽ സെൽ കുവൈത്ത് ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോഓഡിനേറ്റർ അനിൽ മൂടാടി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.