കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ ടാക്സി സേവനം ലഭ്യമാക്കുന്നു. ടാക്സി ഡ്രൈവർമാരുടെ സംഘടനയായ യാത്ര കുവൈത്താണ് ഓൺലൈൻ വഴി ടാക്സി ബുക്ക് ചെയ്യാനുള്ള ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ആൻഡ്രോയിഡ് ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ യാത്രാ ടാക്സി എന്നാണ് പേരിട്ടിരിക്കുന്നത്.
സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്ന ചടങ്ങിൽ ഫലൻസിയ കോൾ ടാക്സി കമ്പനി ഡയറക്ടർ ഖലീഫ മുഹമ്മദ് അൽഹില ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും യാത്രാ കുവൈത്ത് കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷിയായി.
സുരക്ഷിതവും സമൂഹവുമായി കൂടുതൽ അടുത്തു നിൽക്കുന്നതുമായ ടാക്സി സർവിസ് ലഭ്യമാക്കുക എന്നതാണ് ഓൺലൈൻ ആപ്ലിക്കേഷനിലൂടെ കൂട്ടായ്മ ലക്ഷ്യം വെക്കുന്നെതന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച യാത്ര കുവൈത്ത് പ്രസിഡൻറ് അനിൽ ആനാട് പറഞ്ഞു. ഓൺലൈൻ ടാക്സി ബുക്ക് ചെയ്താൽ ടാക്സിയുടെയും ഡ്രൈവറുടെയും വിവരങ്ങൾ ആപ്ലിക്കേഷൻ വഴി ലഭിക്കുന്നു. യാത്രക്കാരെൻറ ഫോൺ നമ്പർ ഡ്രൈവർക്കും ലഭിക്കുന്നു. ഡ്രൈവർ ഫോൺചെയ്ത് ഒന്നുകൂടി ഉറപ്പുവരുത്തി മാത്രമാണ് യാത്ര ആരംഭിക്കുന്നത്.
സഞ്ചരിച്ച ദൂരവും സമയവും വാടകയും യാത്രക്കാരെൻറ ഫോണിൽ ആപ്ലിക്കേഷ൯ വഴി ലഭിക്കുന്നതിനാൽ വാടകയെ ചൊല്ലി തർക്കത്തിെൻറ ആവശ്യമില്ല. യാത്ര ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതുമായ ലോക്കേഷൻ ആപ്ലിക്കേഷനിൽ അടയാളപ്പെടുത്തി വിളിക്കുക. ഈ മെസേജ് ഏറ്റവും അടുത്തുള്ള എല്ലാ യാത്രാ ടാക്സികൾക്കും ഒരേ സമയം ലഭിക്കും. അതിൽ ഏത് ടാക്സിയാണോ കോൾ എടുക്കുന്നത് അയാൾ ആപ്ലിക്കേഷനിൽ യാത്രക്കാരൻ നൽകിയ ഗൂഗ്ൾ ലോക്കേഷൻ ഉപയോഗിച്ച് യാത്രക്കാരൻ നിൽക്കുന്നിടത്ത് എത്തുന്നു.
തുടർന്ന് സുരക്ഷിതമായ ടാക്സി യാത്ര ലഭിക്കുന്നു. നിലവിൽ കാഷ് പേമെൻറ് മാത്രമാണുള്ളത്. പിന്നീട് ഒാൺലൈൻ പേമെൻറും മറ്റ് അവശ്യ സർവിസുകളും ലഭ്യമാക്കും.
ആപ്ലിക്കേഷനിൽ ജോയി൯ ചെയ്യുന്ന യാത്രക്കാർക്ക് സർവിസ് ആരംഭിക്കുന്ന ദിവസം മു൯കൂട്ടി മെസേജായി അറിയിക്കും. ഡ്രൈവേഴ്സ് രജിസ്ട്രേഷ൯ ആരംഭിച്ചിട്ടുണ്ട്.
എല്ലാ ടാക്സി ഡ്രൈവർമാർക്കും ഡ്രൈവർ രജിസ്ട്രേഷ൯ നടത്താവുന്നതാണ്. കമ്പനി പ്രതിനിധികൾ അവരെ ബന്ധപ്പെട്ട് വാഹനവും രേഖകളും പരിശോധിച്ച് ആപ്ലിക്കേഷ൯ അംഗീകാരം നൽകും.
എല്ലാവിധ അംഗീകാരത്തോടെയും ആരംഭിക്കുന്ന ഈ ഓൺലൈ൯ പദ്ധതി യാത്രാ കുവൈത്ത് എന്ന സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.