കുവൈത്ത് സിറ്റി: പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മകളായ ഒപെകും നോൺ ഒപെകും എണ്ണ ഉൽപാദനം ആഗസ്റ്റിൽ വർധിപ്പിക്കാൻ തീരുമാനിച്ചു. പ്രതിദിനം 6,48,000 ബാരലിന്റെ വർധനയാണ് 33 രാജ്യങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മ പ്രഖ്യാപിച്ചത്. വിഡിയോ കോൺഫറൻസ് വഴി നടത്തിയ 30ാമത് മന്ത്രിതല യോഗത്തിലാണ് തീരുമാനം. ജൂലൈയിൽ 6,48,000 ബാരൽ വർധിപ്പിക്കാൻ കഴിഞ്ഞ മന്ത്രിതല യോഗത്തിൽ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ, മാസത്തിൽ 4,32,000 ബാരൽ വീതം വർധിപ്പിച്ചുവരുകയാണ്. ഇതിൽനിന്ന് ഗണ്യമായ വർധനയാണ് ജൂലൈയിൽ വരുത്തിയത്. ഈ തോത് ആഗസ്റ്റിലും തുടരും. 31ാമത് മന്ത്രിതല യോഗം ആഗസ്റ്റ് മൂന്നിന് നടത്താനും തീരുമാനമായി. തുടർന്നുള്ള മാസങ്ങളിൽ ഉൽപാദനം വർധിപ്പിക്കണോ എന്ന് ഈ യോഗത്തിൽ തീരുമാനിക്കും. അന്താരാഷ്ട്ര വിപണിയിലെ ആവശ്യവും വിതരണവും തമ്മിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഒപെക്, നോൺ ഒപെക് കൂട്ടായ്മ വക്താവ് അറിയിച്ചു. നേരത്തെ അംഗരാജ്യങ്ങളിൽ ചിലത് ഉൽപാദന നിയന്ത്രണത്തിനെ അനുകൂലിക്കുമ്പോൾ ചിലത് എതിർക്കുന്ന സ്ഥിതിയുണ്ടായിരുന്നു.
റഷ്യ, യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് എണ്ണവില കുത്തനെ ഉയർന്നതോടെ പെട്രോളിയം ഉൽപാദക രാജ്യങ്ങൾക്ക് സാമ്പത്തിക മെച്ചമുണ്ടായി. എണ്ണ ഉൽപാദക രാജ്യങ്ങൾക്കും ഉപഭോക്തൃ രാജ്യങ്ങൾക്കും പ്രധാനമാണ് തീരുമാനം. ബജറ്റ് കമ്മി കുറച്ചുകൊണ്ടുവരാൻ കൂടുതലായി ഉൽപാദിപ്പിക്കേണ്ട ആവശ്യം എണ്ണ വിൽപന മുഖ്യവരുമാനമായ ചില രാജ്യങ്ങൾക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.