കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന് (കെ.ഐ.ജി) കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമ പദ്ധതിയായ ഒരുമയുടെ 2023ലേക്കുള്ള അംഗത്വ ക്യാമ്പയിന് തുടക്കം. രണ്ടു മേഖലകളിൽ നടന്ന കിക്കോഫ് മീറ്റിങ്ങുകളിൽ കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ, ആക്ടിങ് ജനറൽ സെക്രട്ടറി എം.കെ. നജീബ് എന്നിവർ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ഒരുമ ചെയർമാൻ സി.പി. നൈസാം പദ്ധതി വിശദീകരിച്ചു.
2011ൽ തുടങ്ങിയ ഒരുമ പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. രണ്ടര ദീനാർ നൽകി ഏതൊരു മലയാളിക്കും പദ്ധതിയിൽ അംഗത്വമെടുക്കാം. അംഗമായിരിക്കെ മരിക്കുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ടു ലക്ഷം രൂപ ധനസഹായം ലഭിക്കും. തുടർച്ചയായി അഞ്ചു വർഷം അംഗമായി തുടരുന്നവരുടെ നോമിനിക്ക് മൂന്നു ലക്ഷം രൂപയും പദ്ധതി ആരംഭിച്ച 2012 മുതൽ അംഗമാണെങ്കിൽ നാലു ലക്ഷം രൂപയുമാണ് ലഭിക്കുക. കൂടാതെ ഹൃദയശസ്ത്രക്രിയ (ബൈപാസ്), ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), അർബുദം, ഡയാലിസിസ് തുടങ്ങിയ രോഗങ്ങൾ പിടിപെടുന്ന അംഗങ്ങൾക്ക് പരമാവധി 25,000 രൂപ വരെ ചികിത്സ സഹായവും ലഭിക്കും. കാമ്പയിൻ രണ്ടു മാസം നീണ്ടുനിൽക്കും. കാമ്പയിൻ കാലയളവിൽ മാത്രമേ അംഗത്വമെടുക്കാനും പുതുക്കാനും കഴിയൂ.
വിവരങ്ങൾക്കും അംഗത്വം എടുക്കാനും അബ്ബാസിയ- 600222820, ഫർവാനിയ- 66478880, ഫഹാഹീൽ- 65088148, അബു ഹലീഫ- 98760453 സാൽമിയ- 97998785, സിറ്റി- 94473617, റിഗ്ഗായ്- 97322896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. www.orumakuwait.com എന്ന വെബ് സൈറ്റ് വഴിയും സൗകര്യമുണ്ട്.
കിക്കോഫ് മീറ്റിങ്ങിൽ കെ.ഐ.ജി, യൂത്ത് ഇന്ത്യ, ഐവ യൂനിറ്റ് കോഓഡിനേറ്റർമാർ പങ്കെടുത്തു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിലും ഫഹാഹീൽ യൂനിറ്റി സെന്ററിലുമായി നടന്ന പരിപാടിയിൽ സി.പി. നൈസാം അധ്യക്ഷത വഹിച്ചു. യൂസുഫ് ദാറുസ്സലാം, ഷുക്കൂർ വണ്ടൂർ എന്നിവർ ഖുർആൻ പാരായണം നടത്തി. കെ.ഐ.ജി. സെക്രട്ടറി പി.ടി ശാഫി സമാപന പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.