കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികളുടെ എണ്ണത്തിൽ വർധന. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾപ്രകാരം കുവൈത്തിലെ പ്രവാസികൾ മൊത്തം ജനസംഖ്യയുടെ 68.3 ശതമാനമാണ്. 2023 ലെ ജനസംഖ്യാ വളർച്ച നിരക്ക് 2005 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയതായും 2022ൽ രേഖപ്പെടുത്തിയ നിരക്കിനെ മറികടന്നതായും കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ വർഷം ജൂണിൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ കണക്കനുസരിച്ച് 4.793 ദശലക്ഷമായിരുന്നു കുവൈത്തിലെ മൊത്തം ജനസംഖ്യ.
കുവൈത്ത് പൗരന്മാരുടെ എണ്ണം 1.9 ശതമാനം വർധിച്ച് 1.53 ദശലക്ഷത്തിലെത്തി. 2010 മുതൽ 2019 വരെയുള്ള ശരാശരി വാർഷിക വളർച്ചയായ 2.5 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിരതയുള്ളതും എന്നാൽ താരതമ്യേന മന്ദഗതിയിലുള്ളതുമായ വളർച്ചയാണ് ഇത് കാണിക്കുന്നത്. സ്വദേശികളിൽ 32.3 ശതമാനം 15 വയസ്സിന് താഴെയുള്ള വ്യക്തികളാണ്.
പ്രായമായ പൗരന്മാരുടെ എണ്ണവും ഗണ്യമായി വർധിച്ചു. നിലവിൽ 4.9 ശതമാനം ഇത്തരക്കാരാണ്.
അതേസമയം, രാജ്യത്ത് കുവൈത്ത് ഇതര ജനസംഖ്യയിൽ 11 ശതമാനം കുത്തനെ വർധന ഉണ്ടായി. ഏകദേശം 3.29 ദശലക്ഷമാണ് കുവൈത്തിലെ പ്രവാസികളുടെ എണ്ണം. എന്നാൽ ഇതു കോവിഡ് പകർച്ചവ്യാധിക്ക് മുമ്പുള്ള 2019 ലെ നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 1.5 ശതമാനം കുറവാണ്.
നിലവിൽ, മൊത്തം ജനസംഖ്യയുടെ 68.3 ശതമാനമാണ് പ്രവാസികൾ. 2021 അവസാനത്തോടെ രേഖപ്പെടുത്തിയ 66.1 ശതമാനത്തിൽ നിന്ന് നേരിയ വർധന ഉണ്ടായി. അതേസമയം കോവിഡിനു മുമ്പ് രാജ്യത്ത് 70 ശതമാനം പ്രവാസികളായിരുന്നു.
കുവൈത്ത് ഇതര തൊഴിലാളികളിൽ എണ്ണം കൂടാൻ പ്രധാന കാരണം ഗാർഹിക തൊഴിലാളികളുടെ വർധനയാണ്. ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 16 ശതമാനം വാർഷിക വർധന ഉണ്ടായി. ഇത് മൊത്തം പ്രവാസി ജനസംഖ്യയുടെ 25 ശതമാനമാണ്. 2019 അവസാനത്തിൽ 22 ശതമാനമായിരുന്നു ഗാർഹിക തൊഴിലാളികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.