സവിശേഷമായി തോന്നിയ കോവിഡ് കാല നന്മയെ കുറിച്ച് ഗൾഫ് മാധ്യമത്തിൽ എഴുതാം. കൂടുതൽ വിവരങ്ങൾക്ക് kuwait@gulfmadhyamam.net എന്ന മെയിലിലും 97957790 എന്ന വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാം
കോവിഡിന്റെ തുടക്കകാലത്ത് എല്ലാ ഭീകരതയും മുറ്റിനിൽക്കുന്ന സമയം. കൃത്യമായ രോഗചികിത്സ ഇല്ലെന്നറിയുന്ന, പലരിലും രോഗതീവ്രത കൂടി ഒരു മീറ്ററിനടുത്ത് ഇടപെട്ടാൽ രോഗം പകരും എന്ന് ബോധ്യമുള്ള അവസ്ഥയിലും പ്രത്യേകിച്ചും വാഹനത്തിൽ രോഗികളെ കയറ്റി യാത്ര ചെയ്താൽ പണികിട്ടും എന്ന് എല്ലാവരും ചിന്തിച്ച സമയത്ത് ചില മനുഷ്യർ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ അർധരാത്രിയിലും എത്തി. മിക്കപ്പോഴും ആദ്യമായി കാണുന്നവരെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച മാലാഖമാർ. വ്യക്തികൾ, കൂട്ടായ്മകൾ. രോഗതീക്ഷ്ണതയും ഭീതിയും മാനസിക വിഭ്രാന്തിയിൽ അക്രമാസക്തനുമായ രോഗിയെ മാസ്ക് ധരിക്കാതെ ചുമച്ചുതുപ്പുന്ന രോഗിയെ ആരാരും അടുക്കാതിരുന്ന സമയത്തും വളരെ ധീരമായി ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷപ്പെടുത്തിയ മെഡിക്കൽ വിങ്ങിലെ സഹപ്രവർത്തകർ. കോവിഡ് ബാധിച്ച് മരിച്ച ഒരു വ്യക്തിയുടെ സഹോദരൻ അതേദിവസം അതേ റൂമിൽ രോഗം മൂർച്ഛിച്ച് ഡിപ്രഷൻ ബാധിച്ച അവസ്ഥയിലാണ്....പെരുന്നാൾ ദിവസം രാവിലെ അവിടെ ഓടിയെത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച ആരോഗ്യ പ്രവർത്തകരായ എന്റെ സഹ പ്രവർത്തകർ.
വിമാനങ്ങൾ ഇല്ലാതെ ഇന്ത്യൻ മരുന്നുകൾ എത്തിക്കാൻ കഴിയാതെവന്നപ്പോൾ ഹൃദ്രോഗികൾക്ക്, സ്ട്രോക്ക് - അർബുദം - കിഡ്നി രോഗങ്ങൾ ബാധിച്ചവർക്ക് മരുന്നുകൾ നാട്ടിൽനിന്ന് തികച്ചും സൗജന്യമായി എത്തിക്കുന്ന നന്മകൾ... ജീവിതത്തിൽ ഒരിക്കൽപോലും കാണാത്തവരുടെ ഒരു പക്ഷേ, ഇനിയും കാണുമെന്ന് ഒരുറപ്പും ഇല്ലാത്തവരുടെ വാതിൽക്കൽ മരുന്നുകൾ എത്തിച്ച മെഡിക്കൽ വിങ് വളന്റിയർമാർ. മരുന്നയക്കുന്ന പ്രവർത്തനം നാട്ടിൽ ഏകോപിപ്പിച്ച സിറാജ് എരഞ്ഞിക്കൽ. എല്ലാവരെയും പറഞ്ഞാൽ കുറിപ്പ് നീണ്ടുപോകും. എങ്കിലും ചില പേരുകൾ പറയാതെ പറ്റില്ല. അതിൽ ഒന്നാണ് കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്. മരണമുഖത്ത് അർധരാത്രിയിലും പലയിടത്തും നേരിട്ട് ഓടിയെത്തി നാനാജാതി ഇന്ത്യൻ ജനതക്കും സാന്ത്വനമായി അദ്ദേഹം.
മഹബൂലയിൽ രാത്രി 12 മണിക്ക് കർഫ്യൂ വിജനതയിൽ മരണവുമായി മല്ലിട്ടുകൊണ്ടിരുന്ന സുഭാഷ് എന്ന സഹോദരനെ ആശുപത്രിയിലേക്ക് മാറ്റാൻ ഞങ്ങൾക്ക് എല്ലാ പിന്തുണയും നൽകി മുന്നിൽനിന്നു. മൃതശരീരങ്ങളുമായി സുലൈബികാതിലേകും അവിടെ നിന്ന് മരിച്ചവരുടെ കുടുംബങ്ങളെ വീട്ടിൽ എത്തിക്കാനും കർഫ്യൂ സമയത്ത് അർധരാത്രികളിലും ഓടിനടന്ന് അവസാനം യുദ്ധഭൂമിയിൽ അദ്ദേഹത്തിനും കോവിഡ് മുറിവേറ്റു. അമ്പതോളം കോവിഡ് മൃത ശരീരങ്ങൾ സുലൈബികാതിൽ സംസ്കരിക്കുന്നതിന് ഓടിനടന്ന ഷാഫി കൊല്ലം. ഭക്ഷണക്കിറ്റുകൾ കുവൈത്തിൽ അങ്ങോളമിങ്ങോളം വിതരണം നടത്താൻ നേതൃത്വം നൽകിയവർ. കുവൈത്തിലെ മലയാളി കൂട്ടായ്മക്ക് ഒത്തൊരുമിച്ച് ഇവിടെ എന്ത് ചെയ്യാൻ സാധിക്കുമെന്ന് ആലോചിക്കാൻ മലയാളി സംഘടനകളുടെ യോഗം വിളിച്ച് വിശദമായ പ്രോജക്ട് എംബസിയിൽ സമർപ്പിക്കാൻ നേതൃത്വം വഹിച്ച നന്മ മരം സഗീർ തൃക്കരിപ്പൂർ.
കോവിഡ് രണഭൂമിയിൽ 'രക്തസാക്ഷിത്വം'വരിച്ച അദേഹത്തിന്റെയും സഹധർമിണിയുടെയും ഒന്നിച്ച് പിന്നോട്ട് തിരിഞ്ഞുനടക്കുന്ന ചിത്രം...ഒരിക്കലും മറക്കാനാവില്ല. ആശുപത്രി ഐ.സി.യുവിൽ പലപ്പോഴായി മരണത്തിലേക്ക് തെന്നിവീഴുന്ന രോഗികൾക്ക് അടിയന്തര ജീവൻരക്ഷാ ശുശ്രൂഷകളുമായി ഓടിയടുക്കുന്ന- പലപ്പോഴും എല്ലാ രക്ഷാകവചങ്ങളും ധരിക്കാൻ സമയം ലഭിക്കാത്ത സഹപ്രവർത്തകരായ ഡോക്ടർമാർ, നഴ്സുമാർ.... ധീരന്മാർ....എല്ലാവരെയും പ്രാർഥനാപൂർവം ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.