സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും വികസനവും നേരിടുന്ന വെല്ലുവിളികളെ സർക്കാർ അഭിസംബോധന ചെയ്യുമെന്നും നിയമനിർമാണങ്ങളും നയങ്ങളും അവലോകനം ചെയ്യുമെന്നും പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം. ദേശീയ അസംബ്ലി സ്പീക്കർ അഹ്മ്മദ് അൽ സദൂനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭരണഘടനക്ക് അനുസൃതമായി പാർലമെന്റുമായി സഹകരിക്കാൻ സർക്കാർ തയാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എക്സിക്യൂട്ടിവും നിയമനിർമാണ അധികാരികളും തമ്മിലുള്ള സഹകരണം കുവൈത്ത് ജനതയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും. ഇത് പൗരന്മാർക്കും താമസക്കാർക്കും പ്രയോജനം ചെയ്യും.
പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികളെ മികച്ച രീതിയിൽ നേരിടാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സർക്കാർ രൂപവത്കരണത്തിൽ സ്പീക്കർ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. രാജ്യത്തെയും പൗരന്മാരെയും സേവിക്കുന്നതിൽ പ്രധാനമന്ത്രിക്ക് വിജയാശംസകളും അറിയിച്ചു. ദേശീയ അസംബ്ലിയും സർക്കാറും തമ്മിലുള്ള സഹകരണത്തിനുള്ള പ്രതിബദ്ധത ഇരുവരും വ്യക്തമാക്കി.
വിദേശകാര്യ മന്ത്രിക്ക് അഭിനന്ദനം
കുവൈത്ത് സിറ്റി: പുതുതായി സ്ഥാനമേറ്റെടുത്ത വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയെ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അബ്ദുല്ല അൽ യഹ്യക്ക് പുതിയ പദവിയിൽ വിജയിക്കാനാകട്ടെ എന്നും യു.എ.ഇ വിദേശകാര്യ മന്ത്രി ആശംസിച്ചു.
ഉഭയകക്ഷി സാഹോദര്യബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ജി.സി.സി രാജ്യങ്ങളുടെ സംയുക്ത പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹകരണം തുടരുമെന്നും വ്യക്തമാക്കി.
ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ലത്തീഫ് അൽ സയാനിയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയെ അഭിനന്ദിച്ചു. ബഹ്റൈനും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംയുക്ത ഗൾഫ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള മികച്ച സഹകരണം പ്രതീക്ഷിക്കുന്നതായും അൽ സയാനി അറിയിച്ചു.
ബഹ്റൈൻ രാജാവിന്റെ അഭിനന്ദനം
കുവൈത്ത് സിറ്റി: പുതിയ പ്രധാന മന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിമിന് ബഹ്റൈൻ രാജാവിന്റെ അഭിനന്ദനം. പ്രധാനമന്ത്രിയായി അധികാരമേറ്റതിനും മന്ത്രിസഭ രൂപവത്കരിച്ചതിനും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിമിനെ ഫോൺ വഴി അഭിനന്ദനം അറിയിച്ചു. അഭിനന്ദനത്തിന് ബഹ്റൈൻ രാജാവിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. അദ്ദേഹത്തിന് കൂടുതൽ ആരോഗ്യവും ക്ഷേമവും നേർന്നു. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ആശംസകൈമാറ്റമെന്നും വ്യക്തമാക്കി.
വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ
സമാധാന ശ്രമങ്ങൾ തുടരും -വിദേശകാര്യമന്ത്രി
കുവൈത്ത് സിറ്റി: സമാധാനം പ്രോത്സാഹിപ്പിക്കുന്നതിലും ആഗോളതലത്തിൽ നേതൃപരമായ പങ്ക് വഹിക്കുന്നതിനും ശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ വ്യക്തമാക്കി. മുന്‍ഗാമികള്‍ സ്വീകരിച്ച നയതന്ത്ര നിലപാടുകള്‍ തുടരും. കുവൈത്ത് പതിറ്റാണ്ടുകളായി പിന്തുടര്ന്ന് പോന്ന അതേ വിദേശനയമാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്നും അൽ യഹ്യ പറഞ്ഞു. ഫലസ്തീന് വിഷയം ഉള്‍പ്പെടെ അറബ് മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതാണ് കുവൈത്തിന്റെ വിദേശനയം. മധ്യസ്ഥനീക്കങ്ങള്ക്കും നയതന്ത്ര പരിഹാരത്തിനും കുവൈത്ത് മുന്‍ഗണന നല്കുന്നു.
സർക്കാർ-പാർലമെന്ററി സമവായം തുടരുമെന്നാണ് പ്രതീക്ഷ. ഷെങ്കന്‍ വിസയുടെ കാര്യത്തില്‍ തുടര്‍ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുമെന്നും അൽ യഹ്യ പറഞ്ഞു. വിദേശകാര്യ മന്ത്രിയുടെ ചുമതലയേറ്റശേഷം പ്രാദേശിക മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.