കുവൈത്ത് സിറ്റി: പാർലമെൻറ് കൈയേറ്റക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്നവർ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് തടവുകാർ നിരാഹാരം അവസാനിപ്പിച്ചതായി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഡോ. വലീദ് അൽ തബ്തബാഇ എം.പിയുൾപ്പെടെയുള്ളവരാണ് ജയിലിൽ നിരാഹാരം അനുഷ്ഠിച്ചിരുന്നത്. സാലിം നംലാൻ അൽ ആസിമി, മുഹമ്മദ് അബ്ദുൽ അസീസ് അൽ ബുലൈഹീസ്, ഹസൻ ഫാലിഹ് അൽ സുബൈഇ, റാഷിദ് സൻദ് അൽ ഫദ്ദാല, ഡോ. മശാരി ഫലാഹ് അൽ മുതൈരി, വലീദ് സാലിഹ് അൽ ശഅ്ലാൻ, നവാഫ് നഹീർ അൽ ഖല്ലാഫ്, ഫലാഹ് സാലിഹ് അൽ മുതൈരി, അബ്ദുൽ അസീസ് ദാഹി അൽ ഫദ്ലി, അഹ്മദ് മുനവ്വിർ മുഹമ്മദ് അൽ മുതൈരി എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്ന മറ്റുള്ളവർ. ജനുവരി മൂന്നിന് ഒരാൾ സമരം ആരംഭിക്കുകയും ജനുവരി ഏഴുമുതൽ ബാക്കിയുള്ളവർ ഇതിനോടൊപ്പം ചേരുകയുമായിരുന്നു. അന്തിമവിധി വരുന്നതിന് മുമ്പ് പ്രതിചേർക്കപ്പെട്ടവരെ തടവറയിൽ പാർപ്പിക്കുന്നത് അന്യായമാണെന്നും തങ്ങളുടെ ഈ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിരിക്കുകയാണെന്നും ആരോപിച്ചാണ് തടവുകാർ സമരം ആരംഭിച്ചത്. തടവുകാരുടെ സമരം പാർലമെൻറ് തലത്തിലും ചർച്ചയായിരുന്നു. ജയിലിൽ നിരാഹാരം അനുഷ്ഠിക്കുന്ന പാർലമെൻറ് കൈയേറ്റക്കേസിലെ പ്രതികൾക്ക് വല്ലതും സംഭവിച്ചാൽ ഉത്തരവാദിത്തം ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹിനാണെന്ന് ശുഐബ് അൽ മുവൈസരി എം.പി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രസ്താവിച്ചിരുന്നു. നിരാഹാരത്തിനിടെ രണ്ടു തടവുകാർ അവശരായതായും അദ്ദേഹം പറഞ്ഞു. സിറ്റിങ് എം.പിമാരായ ഡോ. വലീദ് അൽ തബ്തബാഇയെയും ഡോ. ജമാൽ അൽ ഹർബഷിനെയും തടവിലിട്ടതിെൻറ നിയമസാധുത വ്യക്തമാക്കണമെന്ന് ആദിൽ ദംഹി എം.പിയും ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.