കുവൈത്ത് സിറ്റി: പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ നടപടികളുമായി കുവൈത്ത് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി. പുതിയ രൂപത്തിൽ കൂടുതൽ സൗകര്യങ്ങളോടെ കെ ബസ് എന്ന പേരിൽ പുതിയ ബസ് സർവിസിന് തുടക്കം കുറിച്ചിരിക്കുകയാണ് കെ.പി.ടി.സി. ഒരുകാലത്ത് കുവൈത്ത് പ്രവാസികളുടെ ഏക പൊതുഗതാഗത മാർഗമായിരുന്നു കെ.പി.ടി.സി ബസുകൾ. പിന്നീട് സ്വകാര്യ കമ്പനികൾ ഈ രംഗത്തേക്ക് വന്നതോടെയാണ് കെ.പി.ടി.സിയുടെ പ്രതാപത്തിന് മങ്ങലേറ്റത്.
നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കർമപദ്ധതികളുടെ ഭാഗമായാണ് കെ ബസ് എന്ന പേരിൽ ആധുനിക ബസുകൾ നിരത്തിലിറക്കിയത്. കെ.പി.ടി.സിയുടെ 60ാം വാർഷികാഘോഷത്തോടനുബന്ധിച്ച് അവന്യൂസ് മാളിൽ നടന്ന ചടങ്ങിലാണ് കെ ബസ് ആദ്യമായി അവതരിപ്പിച്ചത്. കമ്പനിയുടെ നവീകരിച്ച ലോഗോയും ചടങ്ങിൽ പുറത്തിറക്കി. കുവൈത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് പുതിയ രൂപത്തിലുള്ള കെ ബസുകൾ സർവിസ് നടത്തുമെന്ന് കെ.പി.ടി.സി സി.ഇ.ഒ മൻസൂർ അൽ സാദ് പറഞ്ഞു. സ്മാർട്ട് സ്ക്രീനുകളും മൊബൈൽ ചാർജിങ്ങിനായുള്ള യു.എസ്.ബി സ്ലോട്ടുകളും സുഖകരമായ യാത്രാനുഭവം പകരുന്ന സീറ്റുകളും കെ ബസിനെ വ്യത്യസ്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 29 സീറ്റർ, 35 സീറ്റർ എന്നിങ്ങനെ രണ്ടു വലുപ്പത്തിലാണ് കെ ബസുകൾ പുറത്തിറക്കിയത്. രണ്ടു സീറ്റ് ഭിന്നശേഷിക്കാർക്ക് പ്രത്യേകം സജ്ജീകരിച്ചതാണ്. കെ.പി.ടി.സി സർവിസ് നെറ്റ്വർക്ക് രാജ്യമാകെ വ്യാപിച്ചുകിടക്കുന്നതാണെന്നും നിലവിൽ 35 റൂട്ടുകളിലാണ് സർവിസ് നടത്തുന്നതെന്നും കൂടുതൽ റൂട്ടുകൾ അധികം വൈകാതെ കൂട്ടിച്ചേർക്കുമെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.