കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഓഫിസുകളിൽ പഞ്ചിങ് പുനഃസ്ഥാപിക്കണമെന്ന് സിവിൽ സർവിസ് കമീഷൻ ഉത്തരവിറക്കി. യോഗങ്ങളും കോൺഫറൻസുകളും ഫെബ്രുവരി 20 മുതൽ ഓഫ്ലൈൻ സ്വഭാവത്തിലാക്കണമെന്നും കമീഷൻ നിർദേശിച്ചു. മാർച്ച് 13 മുതൽ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം പൂർണശേഷിയിലാക്കാനും മുഴുവൻ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നും നിർദേശിച്ചു. മന്ത്രിസഭാ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് സിവിൽ സർവിസ് കമീഷന്റെ ഉത്തരവ്.
ഓൺലൈൻ വഴി നടത്തിയിരുന്ന വകുപ്പുതല യോഗങ്ങളും കോഴ്സുകളും എല്ലാം ഈ മാസം 20 മുതൽ പഴയതു പോലെ ജീവനക്കാർ നേരിട്ട് പങ്കെടുക്കുന്ന തരത്തിലേക്ക് മാറണമെന്ന് വകുപ്പ് മേധാവികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.
കോവിഡിന് മുമ്പുണ്ടായിരുന്ന പോലെ എല്ലാ പ്രവൃത്തി ദിനങ്ങളിലും അംഗീകൃത അവധിയിലുള്ളവർ ഒഴികെ മുഴുവൻ ജീവനക്കാരും കൃത്യമായി ഏഴു മണിക്കൂർ ജോലിക്ക് ഹാജരാകണം, യോഗങ്ങളിലും മറ്റും ജീവനക്കാരുടെ നേരിട്ടുള്ള സാന്നിധ്യം ഉറപ്പാക്കണം, തൊഴിലിടങ്ങളിൽ ആരോഗ്യമന്ത്രാലയം നിശ്ചയിച്ച സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പാക്കണം എന്നിവയാണ് ഉത്തരവിലെ നിർദേശങ്ങൾ. സർക്കാർ ഓഫിസുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട സിവിൽ സർവിസ് കമീഷന്റെ നേരത്തെയുള്ള നിർദേശങ്ങളെല്ലാം പുതിയ സർക്കുലർ അസാധുവാക്കിയതായും സിവിൽ സർവിസ് കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.