കുവൈത്ത് സിറ്റി: റമദാൻ അവസാന ദിനങ്ങളിലേക്ക് കടന്നതോടെ കൂടുതൽ പ്രാർഥനകളിലും സത്കർമങ്ങളിലും മുഴുകി വിശ്വാസികൾ. ആയിരം മാസത്തേക്കാൾ ശ്രേഷ്ഠകരമെന്ന് വിശേഷിപ്പിക്കുന്ന ‘ലൈലത്തുൽ ഖദ്റിന്’ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന 27ാം രാവിൽ വെള്ളിയാഴ്ച രാത്രി നമസ്കാരത്തിന് മസ്ജിദുകളിലേക്ക് വിശ്വാസികൾ ഒഴുകിയെത്തി. ഇതോടെ രാജ്യത്തെ പള്ളികൾ ജനസാഗരമായി. രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിൽ പതിനായിരത്തിലധികം പേരാണ് രാത്രി നമസ്കാരത്തിനെത്തിയത്. മറ്റു പള്ളികളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. പലയിടത്തും മസ്ജിദിന് പുറത്തേക്കും നമസ്കാരത്തിന്റെ നിര നീണ്ടു. ലൈലത്തുൽ ഖദ്ർ പ്രതീക്ഷയിൽ വിശ്വാസികൾ നേരത്തെ തന്നെ പള്ളിയിൽ ഇരിപ്പുറപ്പിച്ച് ആരാധനകളിൽ മുഴുകി.
പുലരുംവരെ പള്ളികളില്‍ കഴിച്ചുകൂട്ടിയ വിശ്വാസികള്‍ നമസ്കാരത്തിലും ഖുർആൻ പാരായണത്തിലും പ്രാര്‍ഥനകളിലും മുഴുകി. റമദാനിലെ അവസാന പത്തില്‍ വിശ്വാസികളുടെ മനസ്സ് പ്രാര്ഥനനിര്ഭരമാണ്. നരക മോചനത്തിനായി മനമുരുകി പ്രാർഥിച്ചും ദാനധർമങ്ങൾ നൽകിയും പുണ്യപ്രവൃത്തികളിൽ ഏർപ്പെട്ടും വിശ്വാസികൾ ബാക്കിയുള്ള ദിനങ്ങളെ ഉപയോഗപ്പെടുത്തുകയാണ്. റമദാനില്‍ ഉള്‍ക്കൊണ്ട ചൈതന്യം വരും നാളുകളിലും നിലനിര്‍ത്താന്‍ കഴിയേണ്ടതുണ്ടെന്ന പ്രതിജ്ഞകൂടിയാണ് അവസാന പത്തിലെ ഓരോ ദിവസങ്ങളും. റമദാൻ അവസാന പത്തിൽ എത്തിയതോടെ പള്ളികളിൽ ഇഅ്ത്തിക്കാഫ് ഇരിക്കാനും നിരവധി പേരുണ്ട്. സകാത്ത് വിതരണത്തിനുള്ള ഒരുക്കങ്ങളും വിശ്വാസികള്‍ ആരംഭിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.