കുവൈത്ത് സിറ്റി: വിശുദ്ധ റമദാനെ വരവേൽക്കാൻ വിവിധ തലങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. വ്യക്തിതലത്തിലും സംഘടനാതലത്തിലും ഭരണനിർവഹണതലത്തിലും മുന്നൊരുക്കം നടത്തിയിട്ടുണ്ട്. വ്യക്തികൾ വീടും താമസസ്ഥലവും ശുചീകരിച്ചും ആത്മീയമായ ഉന്നതിക്കായുള്ള മാനസിക തയാറെടുപ്പും നടത്തുേമ്പാൾ ഭരണനിർവഹണ രംഗത്ത് സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ തയാറെടുത്തു. സംഘടനകൾ ഇഫ്താറുകളും പഠനക്ലാസുകളും നടത്താൻ ഒരുക്കം നടത്തുന്നു. കേരളത്തിൽനിന്ന് പ്രമുഖ പണ്ഡിതന്മാർ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പഠനക്ലാസുകൾ നയിക്കാൻ എത്തും.
മതസംഘടനകളും പൊതുസംഘടനകളും ഇഫ്താറുകൾക്കു വേദി കണ്ടെത്തുകയും ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിപണിയിൽ പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും ഇല്ലാതിരിക്കാൻ വാണിജ്യ മന്ത്രാലയം പരിശോധക സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. വിശുദ്ധ റമദാനെ സ്വീകരിക്കാൻ ഔഖാഫ്- ഇസ്ലാമികകാര്യ മന്ത്രാലയം ഒരുക്കങ്ങൾ ആരംഭിച്ചു. ഒൗഖാഫ് മന്ത്രാലയത്തിന് കീഴിൽ നോമ്പുതുറക്കുള്ള സംവിധാനങ്ങൾ ഇത്തവണയും ഉണ്ടാവും.
രാജ്യത്തെ പള്ളികളും റമദാൻ കേന്ദ്രങ്ങളും പ്രാർഥനക്ക് എത്തുന്നവർക്കുവേണ്ടി സജ്ജീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പള്ളികളിലും റമദാൻ കേന്ദ്രങ്ങളിലും സുരക്ഷാ സംവിധാനം ശക്തമാക്കാനാണ് തീരുമാനം. എല്ലാ പ്രധാന പള്ളികളിലും ദേഹപരിശോധനക്കായി ഇലക്ട്രോണിക് കവാടങ്ങൾ സ്ഥാപിക്കും. മുൻകാലങ്ങളിലേതുപോലെ യാചകരെയും അനധികൃത പണപ്പിരിവുകാരെയും പിടികൂടുന്നതിന് ശക്തമായ നടപടികൾ തുടരും. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി പ്രസിദ്ധരായ ഖുർആൻ പാരായണ വിദഗ്ധരെ ഒൗഖാഫിെൻറ നേതൃത്വത്തിൽ ലഭ്യമാക്കും.
റമദാനിലെ ആവശ്യം ചൂഷണം ചെയ്ത് കേടുവന്ന ഉൽപന്നങ്ങൾ വിറ്റ് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി. ഷോപ്പിങ്മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധനക്ക് പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റമദാൻ തുടക്കത്തിൽ മിതശീതോഷ്ണമാണ് അനുഭവപ്പെടുന്നതെങ്കിലും അവസാനം ആവുേമ്പാഴേക്ക് ചൂടുകൂടിവന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.