കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കൂടുതൽ പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യും. പ്രവാസി തൊഴിലാളികളെ കൊണ്ടുവരുന്നതിനായി പുതിയ സഹകരണ ചട്ടക്കൂടുകൾ രൂപപ്പെടുത്താൻ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് നിർദേശം നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. രാജ്യത്തെ തൊഴിൽ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ രാജ്യങ്ങളിൽനിന്നുൾപ്പെടെ തൊഴിലാളികളെ എത്തിക്കാനാണ് ശ്രമം.
പുതിയ തൊഴിൽ കയറ്റുമതി രാജ്യങ്ങളുമായി ധാരണപത്രത്തിൽ ഒപ്പുവെക്കുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്താനും ശൈഖ് തലാൽ ഖാലിദ് നിർദേശിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പ്രസ്താവനയിൽ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജോലി സംബന്ധിച്ച് 2010ലെ തൊഴിൽ നിയമവും തൊഴിലവകാശങ്ങൾക്ക് പൂർണ സംരക്ഷണം നൽകുന്ന 2015ലെ ഗാർഹിക തൊഴിൽ നിയമവും നടപ്പാക്കുന്നുണ്ടെന്നും സൂചിപ്പിച്ചു.
തൊഴിൽ വിപണിയിലെ കുറവ് നികത്തുന്നതിനായി പ്രവാസി തൊഴിലാളികളെ ഉറപ്പാക്കുന്നതിനൊപ്പം, ജനസംഖ്യാനിരക്കുകൾ ക്രമീകരിക്കുന്ന നയത്തിന് അനുസൃതമായുമാകും റിക്രൂട്ട്മെന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.