കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിൽപോയി തിരിച്ചുവരാൻ കഴിയാതിരുന്ന 600 അധ്യാപകരെ പിരിച്ചുവിടാൻ വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. കമ്പ്യൂട്ടർ, ഡെക്കറേഷൻ, ഇസ്ലാമിക് എജുക്കേഷൻ വിഷയങ്ങളിലെ അധ്യാപകർക്കാണ് തൊഴിൽ നഷ്ടമാവുക. പിരിച്ചുവിടേണ്ടവരുടെ പട്ടിക മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. ഇവർക്ക് പകരം തദ്ദേശീയമായി ആളെ നിയമിക്കും. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവരെയും പരിഗണിക്കും.
പിരിച്ചുവിടുന്നവരുടെ സർവിസ് ആനുകൂല്യങ്ങൾ നൽകാനാവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസികൾ വഴി ആനുകൂല്യങ്ങൾ ബന്ധപ്പെട്ട അധ്യാപക ജീവനക്കാർക്ക് എത്തിക്കും. അതിനിടെ കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞ 330 അധ്യാപകരെ രാജ്യത്തേക്ക് വരാൻ അനുവദിക്കും. മാത്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, സംഗീതം, കായികം വിഷയങ്ങളിലെ വിദഗ്ധ അധ്യാപകർക്കാണ് ഇളവ് നൽകുന്നത്. വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഏകോപിച്ച് ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കും.
രാജ്യത്ത് സ്പെഷലിസ്റ്റ് വിഷയങ്ങളിൽ അധ്യാപക ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ഇത്തരമൊരു ഇളവിന് നിർബന്ധിതരാവുന്നത്. മറ്റു തൊഴിൽ വിസകളിൽ അവധിക്ക് പോയി നാട്ടിൽ കുടുങ്ങിയവർ വിസ കാലാവധി കഴിയുന്നതിന് മുമ്പ്ഏതുവിധേനയും തിരിച്ചുവരേണ്ടതുണ്ട്. ഇപ്പോൾ വിമാനമില്ലാത്തതിനാൽ ആർക്കും വരാൻ കഴിയാത്ത സ്ഥിതിയാണ്.
കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം വിദേശി അധ്യാപക റിക്രൂട്ട്മെൻറ് തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഇൗ അധ്യയന വർഷം വിദേശ അധ്യാപകരെ നിയമിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. രാജ്യത്തിനകത്തുനിന്നുള്ള കരാർ നിയമനങ്ങളിലൂടെ അധ്യാപക, അധ്യാപകേതര ജീവനക്കാരുടെ ക്ഷാമം അതിജീവിക്കാനാണ് ശ്രമിക്കുന്നത്.
കുവൈത്തികൾ, ഗൾഫ് രാജ്യക്കാർ, ബിദൂനികൾ, വിദേശികൾ എന്നീ ക്രമത്തിലാണ് കരാർ നിയമനത്തിന് മുൻഗണന. ഇൗജിപ്ത്, തുനീഷ്യ, ജോർഡൻ, ലബനാൻ എന്നിവിടങ്ങളിൽനിന്ന് അധ്യാപകരെ എത്തിക്കാനുള്ള ശ്രമമാണ് തൽക്കാലത്തേക്ക് ഉപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.