കുവൈത്ത് സിറ്റി: മാർ ബസേലിയോസ് മൂവ്മെന്റ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ ബസേലിയോ സുവർണ പുരസ്കാരം റവ. ഇമ്മാനുവേൽ ബെഞ്ചമിൻ ഗരിബിന്. കുവൈത്തിലെ ക്രൈസ്തവ സമൂഹത്തിനു നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം.
ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള ഏക ക്രിസ്ത്യൻ പുരോഹിതനായ റവ. ഇമ്മാനുവേൽ ഗരിബ് 1999 ജനുവരിയിലാണ് പൗരോഹിത്യം സ്വീകരിച്ചത്. കുവൈത്ത് ഓയിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചാണ് വൈദിക ശുശ്രൂഷയിലേക്ക് തിരിഞ്ഞത്. കുവൈത്തി പൗരനായ റവ. ഇമ്മാനുവേൽ ഗരിബ് ചെയർമാനായ നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിന്റെ വളപ്പിലാണ് കുവൈത്തിലെ 100ഓളം വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രാർഥനകൾ നടന്നുവരുന്നത്.
മഹാ ഇടവക ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ മുൻ ഹെഡ്മാസ്റ്ററും ഐ.ടി കൺസൽട്ടന്റുമായ കുര്യൻ വർഗീസ്, ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി സി.ഇ.ഒ മാത്യൂസ് വർഗീസ്, ഗൾഫ് അഡ്വാൻസ്ഡ് കമ്പനിയുടെ ജനറൽ മാനേജർ കെ.എസ്. വർഗീസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. മലങ്കരസഭയുടെ മൂന്നാമത് പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന മാർ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവയുടെ നാമധേയത്തിൽ 50 വർഷമായി കുവൈത്തിൽ പ്രവർത്തിച്ചുവരുന്ന പ്രസ്ഥാനമാണ് മാർ ബസേലിയോസ് മൂവ്മെന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.