കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ഗവർണറേറ്റിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ അറിയിച്ചു. ആറ് ഗവർണറേറ്റുകളിലെ 18 പ്രധാന റോഡ് മെയിന്റനൻസ് പ്രോജക്ടുകളുടെ ഭാഗമായാണ് മുബാറക് അൽ കബീറിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആവശ്യമായ ഗുണനിലവാരവും സാങ്കേതിക സവിശേഷതകളും പാലിച്ചുകൊണ്ട് വേഗത്തിലും കാര്യക്ഷമമായും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നും ഡോ. അൽ മഷാൻ പറഞ്ഞു.
പ്രവൃത്തികൾ പൂർത്തീകരിക്കാൻ നിശ്ചിത സമയക്രമം പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഉണർത്തി. പൊതുമരാമത്ത് മന്ത്രാലയത്തിലെ ടീമുകൾ അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. പദ്ധതിയുടെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ സൂപ്പർവൈസിങ് എൻജിനീയർമാരെ തിരഞ്ഞെടുക്കുന്നതിനും ടെസ്റ്റുകൾ നടത്തുന്നതിനുമായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
മഴവെള്ളം ഒഴുക്കിവിടുന്ന ശൃംഖല വൃത്തിയാക്കൽ, റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് തടയൽ എന്നിവക്കും ഊന്നൽ നൽകുന്നതായി മുബാറക് അൽ കബീർ ഗവർണറേറ്റിലെ റോഡ് എൻജിനീയറിങ് മെയിന്റനൻസ് സെക്ടറിലെ എൻജിനീയർ നൂറ അൽ മുതൈരി പറഞ്ഞു. അറ്റകുറ്റപ്പണികളുടെ ഭാഗമായി ചില റോഡുകൾ അടച്ചിടാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.