കുവൈത്ത്സിറ്റി: ഭരണതലത്തിലും അക്കാദമിക് തലത്തിലും മികവുതെളിയിച്ച വ്യക്തിയാണ് പുതിയ പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലിം അസ്സബാഹ്. കുവൈത്ത് രാജകുടുംബത്തിൽ 1955 ഒക്ടോബർ 10നാണ് ജനനം.
കുവൈത്ത് മുൻ അമീർ ശൈഖ് സബാഹ് അൽ സലിം അസ്സബാഹ്, നിലവിലെ അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ സഹോദരി ശൈഖ നൂരിയ അഹമ്മദ് അസ്സബാഹിന്റെ മകനാണ്.
കാലിഫോർണിയയിലെ ക്ലെയർമോണ്ട് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഹാർവാർഡ് യൂനിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിലും മിഡിൽ ഈസ്റ്റേൺ പഠനത്തിലും ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടി. കുവൈത്ത് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് കോമേഴ്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിൽ ടീച്ചിങ് അസിസ്റ്റന്റും മിഷൻ അംഗവും ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചു. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലും ജോലിചെയ്തു.
1993ൽ യു.എസിലെ കുവൈത്ത് അംബാസഡറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് കുവൈത്ത് സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായി. സാമൂഹിക കാര്യ-തൊഴിൽമന്ത്രി, ആക്ടിങ് ഓയിൽ മന്ത്രി എന്ന നിലകളിലും സേവനം ചെയ്തു. 2011 ഒക്ടോബറിൽ പദവികൾ ഒഴിഞ്ഞു. തുടര്‍ന്ന് ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയിൽ വിസിറ്റിംങ് ഫെല്ലോ ആയി പ്രവര്‍ത്തിച്ചു. ഫെരിയാൽ ദുവായിജ് അൽ സൽമാൻ അസ്സബാഹ് ആണ് ഭാര്യ. നാല് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.