കുവൈത്ത് സിറ്റി: കുവൈത്തിന്റെ 17ാമത് അമീറായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ബുധനാഴ്ച നടന്ന പ്രത്യേക ദേശീയ അസംബ്ലി സെഷനിൽ രാവിലെ 10നായിരുന്നു സത്യപ്രതിജ്ഞ. ഭരണഘടനയെയും നിയമങ്ങളെയും ബഹുമാനിക്കൽ, ജനങ്ങളുടെ സ്വാതന്ത്ര്യവും താൽപര്യങ്ങളും സ്വത്തും സംരക്ഷിക്കൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കൽ എന്നിവ എടുത്തുപറഞ്ഞായിരുന്നു സത്യപ്രതിജ്ഞ.
ശനിയാഴ്ച മുൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിന്റെ വിയോഗത്തിന് പിറകെ ശൈഖ് മിശ്അലിനെ പിന്തുടർച്ചാവകാശ നിയമത്തിന് അനുസൃതമായി രാജ്യത്തിന്റെ പുതിയ അമീറായി മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. എങ്കിലും കുവൈത്ത് ഭരണഘടനയുടെ 60ാം അനുച്ഛേദ പ്രകാരം ദേശീയ അസംബ്ലിക്ക് മുമ്പാകെ സത്യപ്രതിജ്ഞ അനിവാര്യമാണ്.
2020 ഒക്ടോബർമുതൽ കിരീടാവകാശിയുടെ ചുമതലകൾ നിർവഹിച്ചുവരുന്ന ശൈഖ് മിശ്അൽ നേരത്തേ ആഭ്യന്തര മന്ത്രാലയം ഇന്റലിജൻസ് ആൻഡ് സ്റ്റേറ്റ് സെക്യൂരിറ്റി സർവിസിന്റെ തലവനായും ദേശീയ ഗാർഡിന്റെ മേധാവിയായും ചുമതല വഹിച്ചിട്ടുണ്ട്.
അന്തരിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനൊപ്പം മൂന്നുവർഷം ഭരണതലത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയതിന്റെ അനുഭവ സമ്പത്ത് ശൈഖ് മിശ്അലിനുണ്ട്. അന്തരിച്ച അമീർ ശൈഖ് നവാഫിനൊപ്പം രാജ്യത്തെ കൂടുതൽ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നതിൽ നേതൃപരമായ പങ്കും വഹിച്ചു. മുൻ അമീർ അസുഖബാധിതനായതോടെ അന്താരാഷ്ട്ര വേദികളിലും നയതന്ത്ര ഇടപെടലുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചതും ശൈഖ് മിശ്അലായിരുന്നു.
ദേശീയ അസംബ്ലി സമ്മേളനം
രാജ്യത്തിനും ജനങ്ങൾക്കും വിശ്വസ്ത പൗരനായിരിക്കും -അമീർ
കുവൈത്ത് സിറ്റി: രാജ്യത്തോടുള്ള കൂറും പൗരന്മാരോടുള്ള ഉത്തരവാദിത്തവും പ്രകടമാക്കി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. സത്യപ്രതിജ്ഞക്കുപിറകെ ദേശീയ അസംബ്ലിയിൽ നടത്തിയ പ്രഭാഷണത്തിൽ രാജ്യത്തിനും ജനങ്ങൾക്കും താൻ വിശ്വസ്ത പൗരനായിരിക്കുമെന്ന് അമീർ വ്യക്തമാക്കി.
കുവൈത്തിന്റെ ഉത്തമ താൽപര്യങ്ങൾ നിറവേറ്റുന്നതിന് എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റിവ് അധികാരികൾ സഹകരിക്കണമെന്നും അമീർ സൂചിപ്പിച്ചു. ഭരണഘടന അനുസരിക്കുന്നതിലും എല്ലാവർക്കും നിയമം ബാധകമാക്കുന്നതിലും അഴിമതിക്കെതിരെ പോരാടുന്നതിലുമുള്ള താൽപര്യം അമീർ പ്രകടമാക്കി. ഗൾഫ്, അന്തർദേശീയ ബാധ്യതകളോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കി. രാജ്യത്തിനും പൗരന്മാർക്കും വേണ്ടി പ്രവർത്തിക്കാൻ എക്സിക്യൂട്ടിവും നിയമനിർമാതാക്കളും ബാധ്യസ്ഥരാണ്.
രാജ്യതാൽപര്യത്തിന് ഹാനികരമായ തീരുമാനങ്ങൾ എടുക്കരുത്. രാജ്യത്തിനെതിരായ ഭീഷണികളെക്കുറിച്ച് കരുതിയിരിക്കണമെന്നും ദേശീയ ഐക്യത്തിലും സുരക്ഷയിലും ഉറച്ചുനിൽക്കേണ്ടതുണ്ടെന്നും അമീർ ഉണർത്തി. ദേശീയ സ്വത്വം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കാനും ശുഭാപ്തിവിശ്വാസം പ്രചരിപ്പിക്കാനും അമീർ ആഹ്വാനം ചെയ്തു.
കുവൈത്തിന്റെ വികസനത്തിനും സമൃദ്ധിക്കും സംഭാവന നൽകിയ അന്തരിച്ച അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് അമീർ ആദരാഞ്ജലികൾ അർപ്പിച്ചു. വിനയത്തിന്റെയും ക്ഷമയുടെയും ഉദാഹരണമായിരുന്നു അന്തരിച്ച അമീർ എന്നും വ്യക്തമാക്കി. മുൻ അമീറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച പൗരന്മാർക്കും പ്രവാസികൾക്കും രാഷ്ട്ര നേതാക്കൾക്കും കുവൈത്തിലേക്ക് വരാൻ കഴിയാത്തവർക്കും അമീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.