സിബി ജോർജ് മടങ്ങി; കുവൈത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി

കുവൈത്ത് സിറ്റി: ഔദ്യോഗിക പദവികൾക്കുമപ്പുറം സൗഹൃദവും ലാളിത്യവുംകൊണ്ട് ജനകീയ മുഖം സൃഷ്ടിച്ച മലയാളികളുടെ 'സ്വന്തം അംബാസഡർ' സിബി ജോർജ് കുവൈത്തിൽനിന്നു മടങ്ങി. ഞായറാഴ്ച കുവൈത്തിൽനിന്ന് ഡൽഹിയിലേക്കു തിരിച്ച സിബി ജോർജ് വൈകാതെ ജപ്പാനിൽ ചുമതലയേൽക്കും. ഡോ. ആദർശ് സ്വൈകയാണ് കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ.

രണ്ടുവർഷത്തെ ശ്രദ്ധേയമായ ഇടപെടലുകൾക്കുശേഷമാണ് സിബി ജോർജ് കുവൈത്തിൽനിന്ന് മടങ്ങുന്നത്. സ്ഥാനപതിയുടെ ഔപചാരികതകളൊന്നുമില്ലാതെ സൗമ്യമായും പുഞ്ചിരിയോടെയും ഏവരോടും ഇടപെട്ട കോട്ടയം പാലാ സ്വദേശിയായ സിബി ജോർജ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു.2020 ആഗസ്റ്റ് ആദ്യവാരത്തിലാണ് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി സിബി ജോർജ് ചുമതലയേൽക്കുന്നത്. കോവിഡ് ആശങ്ക ലോകത്താകമാനം നിറഞ്ഞുനിന്ന പശ്ചാത്തലത്തിലായുരുന്നു അത്. രോഗം പടർത്തിയ ഭീതിപ്പെടുത്തലിനൊപ്പം തൊഴിൽനഷ്ടവും നാടണയാനാകുമോ എന്ന ആകുലതകളും ആളുകളെ പിടികൂടിയിരുന്നു.

ഈ സാഹചര്യത്തിൽ പ്രവാസികളുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെട്ട സിബി ജോർജ് കുവൈത്തിലെ ഇന്ത്യക്കാർക്ക് ആത്മവിശ്വാസം നൽകി.കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് വാക്‌സിൻ എത്തിക്കൽ, ഇന്ത്യയിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ കയറ്റുമതി തുടങ്ങി കുവൈത്തും ഇന്ത്യയും തമ്മിലുണ്ടായ സംയുക്ത സഹകരണത്തിന് അദ്ദേഹം ചുക്കാൻപിടിച്ചു.കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നതിനും അദ്ദേഹത്തിന്റെ ഇടപെടൽ സഹായകമായി.

വെൽഫെയർ ഫണ്ട് നിരാലംബരായ ഇന്ത്യക്കാരുടെ വിവിധ ആവശ്യങ്ങൾക്ക് വിതരണം ചെയ്തതും, നീറ്റ് പരീക്ഷക്ക് ഇന്ത്യക്കു പുറത്ത് വേദിയൊരുക്കാൻ ഇടപെട്ടതും ശ്രദ്ധേയമാണ്. എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുരുഷ-സ്ത്രീ ഷെല്‍ട്ടറുകളില്‍ കഴിയുന്നവരെ നാട്ടിലേക്ക് മടക്കി അയക്കുന്നതിനുള്ള പ്രവര്‍ത്തനം വേഗത്തിലാക്കി. പരാതികൾ കേൾക്കുന്നതിന് ഓപണ്‍ ഹൗസുകള്‍ ആരംഭിച്ചു. പരാതികളുമായി എംബസിയിലെത്തുന്നവര്‍ക്ക് സൗജന്യ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തി. നാട്ടിലേക്കു മടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി.

ചികിത്സ ആവശ്യമുള്ളവരെയും കിടപ്പുരോഗികളെയും നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി തുടങ്ങിയവ സിബി ജോർജിന്റെ ഇടപെടലാണ്. ഇന്ത്യ-കുവൈത്ത് ഗാർഹിക തൊഴിൽ കരാറിലും സിബി ജോർജിന്റെ കൈയൊപ്പുണ്ട്.ഇന്ത്യയും കുവൈത്തും തമ്മിലുള്ള പരമ്പരാഗത പങ്കാളിത്തത്തിനും അടുപ്പത്തിനും ശക്തിപകരാനും സിബി ജോർജിന്റെ ഇടപെടലുണ്ടായി.

കുവൈത്തി രാജകുടുംബത്തോടും സർക്കാറിനോടും നല്ല സൗഹൃദം അദ്ദേഹം നിലനിർത്തിപ്പോന്നു.ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളിൽ ഇടപെടുമ്പോൾതന്നെ മലയാളികളുടെ കാര്യത്തിൽ സിബി ജോർജ് പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. മലയാളി സംഘടനകളുമായും ബിസിനസ് പ്രമുഖരുമായും നല്ലബന്ധം അദ്ദേഹം നിലനിർത്തി.എംബസിയിലെ വിവിധ പരിപാടികൾക്ക് ചുമതല ഏൽപിച്ചിരുന്നതും മലയാളികളെയാണ്. സിബി ജോർജിന്റെ മടക്കം വലിയ നഷ്ടമായാണ് കുവൈത്തിലെ മലയാളികൾ കാണുന്നത്. 

Tags:    
News Summary - sibi George returned; Received the love of Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.